കേരളം

kerala

ETV Bharat / state

എഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ നിയമ ലംഘനങ്ങളിൽ കുറവുണ്ടായി: ആന്‍റണി രാജു - മന്ത്രി

എന്നാല്‍ കെൽട്രോൺ ഉൾപ്പെട്ട എഐ ക്യാമറ ആരെങ്കിലും അന്വേഷണം ആവശ്യപ്പെട്ട് കോടതിയിലേക്ക് നീങ്ങുന്നതിന് മുമ്പ് വിവാദത്തിൽ അന്വേഷണം പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍

AI Camera installation  Antony Raju  AI Camera  Kerala Transport minister  law violation  എഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ  നിയമ ലംഘനങ്ങളിൽ കുറവുണ്ടായി  ആന്‍റണി രാജു  എഐ ക്യാമറ  ട്രാഫിക് നിയമലംഘനങ്ങൾ  ഗതാഗത മന്ത്രി ആൻ്റണി രാജു  ഗതാഗത മന്ത്രി  മന്ത്രി  കെൽട്രോൺ
എഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ നിയമ ലംഘനങ്ങളിൽ കുറവുണ്ടായി: ആന്‍റണി രാജു

By

Published : Apr 26, 2023, 3:11 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ എഐ ക്യാമറകൾ സ്ഥാപിച്ചതോടെ നിയമ ലംഘനങ്ങളിൽ കുറവ് വന്നെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. ആളുകളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരെ വിമർശനം ഉയരുന്നത് ശരിയാണോയെന്നും മന്ത്രി ചോദിച്ചു. സ്കോൾ കേരള ആസ്ഥാന മന്ദിരത്തിൻ്റെയും ജില്ല വിദ്യാഭ്യാസ ഉപഡയറക്‌ടറുടെ കാര്യാലയത്തിൻ്റെയും ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

നിയമലംഘനങ്ങളിൽ ഒരു ലക്ഷത്തോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എഐ ക്യാമറകൾ സ്ഥാപിച്ചത് സർക്കാരിന് പണം ഉണ്ടാക്കാനല്ല. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒരു നിയമവും പുതുതായി കൊണ്ടുവന്നിട്ടില്ല. നിയമം നടപ്പിലാക്കുന്നത് മനുഷ്യ ജീവനുകൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. ഇരുചക്രവാഹനങ്ങളുടെ പരിശോധനയെ ചിലർ ആവശ്യമില്ലാതെ എതിർക്കുകയാണെന്നും എന്നാൽ കേന്ദ്ര നിയമം നടപ്പാക്കാതിരിക്കാൻ സംസ്ഥാനത്തിന് സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. എഐ ക്യാമറകൾ വരുന്നതോടെ എല്ലാ അഴിമതികളും ഇല്ലാതാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അന്വേഷണത്തെ മറികടക്കാന്‍ സര്‍ക്കാര്‍: എന്നാല്‍ കെൽട്രോൺ ഉൾപ്പെട്ട എഐ ക്യാമറ വിവാദത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തേച്ചുമാച്ചുകളയാനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നതായാണ് സൂചന. ചീഫ് സെക്രട്ടറിയേയോ ആഭ്യന്തര സെക്രട്ടറിയേയോ അന്വേഷണത്തിന് ചുമതല നൽകാനാണ് ആലോചനകൾ നടക്കുന്നത്. ഇതിന്‍റെ ഭാഗമായി ഉന്നത ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതൻ ചർച്ച നടത്തിയെന്നതടക്കമുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.

എഐ ക്യാമറ വിവാദത്തിൽ ആരെങ്കിലും അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചാൽ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് ഈ നീക്കം. അതല്ലെങ്കിൽ കോടതിക്ക് നേരിട്ട് അന്വേഷണം പ്രഖ്യാപിക്കാം. അങ്ങനെ വന്നാൽ അത് സർക്കാരിന് തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കമെന്നും സൂചനയുണ്ട്.

കെല്‍ട്രോണിന് കടുംവെട്ട്:അതേസമയം കെൽട്രോണിനെതിരെ വീണ്ടും വിമർശനങ്ങൾ ഉയരുകയാണ്. മോട്ടോർ വാഹന വകുപ്പ് എഐ ക്യാമറകൾ സ്ഥാപിച്ച മാതൃകയിൽ കെല്‍ട്രോണിന്‍റെ കീഴില്‍ സ്വകാര്യ കമ്പനികളുമായി ചേർന്ന് 400 കോടിയിലധികം മുതൽ മുടക്കി ട്രാഫിക് ക്യാമറകൾ സ്ഥാപിക്കാനുള്ള പൊലീസ് പദ്ധതിക്ക് ധനവകുപ്പ് തടയിട്ടിരുന്നു. എഐ ക്യാമറകൾ സ്ഥാപിച്ചതിന് സമാനമായി ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി 1000 ക്യാമറകൾ സ്ഥാപിക്കാനായിരുന്നു പൊലീസ് പദ്ധതി. കെൽട്രോണിന്‍റെ കീഴിൽ സ്വകാര്യ കമ്പനികൾ പണം മുടക്കി കാമറകൾ സ്ഥാപിക്കണമെന്നും പിഴ തുകയിൽ നിന്നും 10 വർഷത്തിനുള്ളിൽ മുടക്ക് മുതൽ നൽകാമെന്നുമായിരുന്നു ടെൻഡറിലെ നിർദേശം. ഇതിന്‍റെ ഭാഗമായി പൊലീസും കെൽട്രോണും ഉൾപ്പെട്ട സംയുക്ത ട്രഷറി അക്കൗണ്ട് തുറക്കാമെന്നുമായിരുന്നു ധാരണ.

എന്നാൽ ഈ വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്നായിരുന്നു ധനവകുപ്പിന്‍റെ നിലപാട്. ഇത്തരത്തിൽ ഒരു അക്കൗണ്ട് തുറക്കാൻ നിയമപരമായി സാധ്യത ഇല്ലെന്നാണ് ധനവകുപ്പ് വ്യക്തമാകുന്നത്. പകരം ധനവകുപ്പ് മുന്നോട്ട് വച്ച നിർദേശം പണം മുഴുവനായി സർക്കാരിലേക്ക് അടക്കുകയും തുടർന്ന് ഓരോ മാസവും തിരിച്ചടക്കേണ്ട പണത്തിന്‍റെ ബില്‍ നൽകിയാൽ ധാരണ പ്രകാരമുള്ള പണം നൽകാമെന്നതുമായിരുന്നു. എന്നാൽ ഈ വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്ന് കെൽട്രോണും അറിയിച്ചു. പദ്ധതിക്കായി പല തവണ ടെണ്ടർ വിളിച്ചെങ്കിലും നടപ്പാക്കാനായിട്ടില്ല. അതേസമയം ഈ പദ്ധതിയിലും മറ്റ് സ്വകാര്യ കമ്പനികൾക്ക് കരാർ നൽകി അവരെ സഹായിക്കുന്ന നിലപാടാണ് കെൽട്രോണിലുള്ളതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ABOUT THE AUTHOR

...view details