കേരളം

kerala

ETV Bharat / state

എഐ ക്യാമറകൾ പിഴ ഈടാക്കിത്തുടങ്ങി; സംസ്ഥാനത്ത് ആദ്യ ദിനം 28,891 നിയമ ലംഘനങ്ങൾ - എ ഐ ക്യാമറ വിവാദം

കൂടുതല്‍ ഗതാഗത നിയമ ലംഘനങ്ങൾ നടന്നത് കൊല്ലം ജില്ലയിൽ. കുറവ് മലപ്പുറം ജില്ലയിൽ. നോട്ടിസ് ലഭിച്ചാൽ ഒരു മാസത്തിനുള്ളിൽ പിഴ അടയ്ക്ക‌ണം.

ai camera  ai camera first day fine  ai camera fine  എ ഐ ക്യാമറ  എ ഐ ക്യാമറ പിഴ  എ ഐ ക്യാമറ ആദ്യ ദിന പിഴ  എ ഐ ക്യാമറ പിഴ  എ ഐ ക്യാമറ ഗതാഗത നിയമ ലംഘനങ്ങൾ  എ ഐ ക്യാമറ ആദ്യ ദിനം  എ ഐ ക്യാമറ പിഴ ഈടാക്കി  ai camera controversy  എ ഐ ക്യാമറ വിവാദം
എ ഐ ക്യാമറ

By

Published : Jun 6, 2023, 6:40 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകൾ വഴി ആദ്യ ദിനം പിഴ ഈടാക്കിയത് 28,891 നിയമ ലംഘനങ്ങൾക്ക്. എഐ ക്യാമറ പ്രവർത്തനം ആരംഭിച്ച ഇന്നലെ രാവിലെ എട്ട് മണി മുതൽ അഞ്ച് മണി വരെയുള്ള സംസ്ഥാനത്തെ ആകെയുള്ള കണക്കാണിത്. കൊല്ലം ജില്ലയിലാണ് ആദ്യ ദിനം ഏറ്റവും അധികം നിയമ ലംഘനങ്ങൾ ഉണ്ടായത്.

4,778 നിയമ ലംഘനങ്ങളാണ് കൊല്ലം ജില്ലയിൽ മാത്രം റിപ്പോർട്ട്‌ ചെയ്‌തത്. മലപ്പുറം ജില്ലയിലാണ് കുറവ് നിയമ ലംഘനങ്ങൾ ഉണ്ടായത്. 545 നിയമ ലംഘനങ്ങളാണ് ഇവിടെ റിപ്പോർട്ട്‌ ചെയ്‌തത്. ഇന്നലെ കണ്ടെത്തിയ മുഴുവൻ നിയമ ലംഘനങ്ങൾക്കും ഇന്ന് രാവിലെ മുതൽ പിഴ നോട്ടിസ് അയക്കുമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എഐ ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങൾ ട്രാൻസ്പോർട്ട് ഭവനിൽ സജ്ജീകരിച്ചിരിക്കുന്ന സെൻട്രൽ കൺട്രോൾ റൂമിലെ സെർവറിലേക്കാണ് ആദ്യം എത്തുന്നത്. ഇവിടെ നിന്നുമാണ് അതാത് ജില്ല കൺട്രോൾ റൂമുകളിലേക്ക് കൈമാറുന്നത്. തിരുവനന്തപുരം ജില്ലയിലെ ട്രാൻസ്‌പോർട് ഭവനിലാണ് സെൻട്രൽ കൺട്രോൾ റൂമും ജില്ല കൺട്രോൾ റൂമും പ്രവർത്തിക്കുന്നത്.

സെർവറിൽ നിന്ന് ലിസ്റ്റായാണ് നിയമ ലംഘനങ്ങൾ ജില്ല കൺട്രോൾ റൂമിലേക്ക് കൈമാറുന്നത്. ഇത്തരത്തിൽ കൈമാറുന്ന നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങൾ കെൽട്രോണിലെ ഉദ്യോഗസ്ഥർ പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷം മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് കൈമാറും. നിയമ ലംഘനം നടത്തുന്ന വാഹനത്തിന്‍റേയും ആളുകളുടേയും വിദൂര ദൃശ്യവും അടുത്തുള്ള ദൃശ്യവുമാണ് കൈമാറുന്നത്.

ഈ ദൃശ്യങ്ങൾ കുറ്റമറ്റമായ രീതിയിൽ പരിശോധിച്ച ശേഷമാണ് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥൻ നിയമ ലംഘനം നടത്തിയ ആൾക്ക് പിഴ ഈടാക്കുന്നതിനുള്ള ഇ - ചലാൻ എസ്എംഎസ് മുഖേന അയയ്ക്കുന്നത്. പിന്നീട് തപാല്‍ വഴിയും പിഴ നോട്ടിസ് അയക്കും. നോട്ടിസ് ലഭിക്കുന്ന ആൾ ഒരു മാസത്തിനകം പിഴ അടയ്ക്കണം. ഇത്തരത്തിൽ പ്രതിദിനം 25,000 പേർക്ക് പിഴ നോട്ടിസ് അയക്കാനാകുമെന്നാണ് മോട്ടോർ വാഹനവകുപ്പിലെ അധികൃതർ വ്യക്തമാക്കുന്നത്.

പിഴ കൂടുതൽ ഡ്രൈവിങിനിടെ ഫോൺ ഉപയോഗിക്കുന്നവർക്ക്:ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവര്‍ക്ക് 500 രൂപയാണ് പിഴ. സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപയാണ് പിഴ. ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്‌താല്‍ പിഴ 1,000 രൂപയാകും. ഡ്രൈവിങിനിടെ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെയാണ് കൂടുതൽ തുക ഈടാക്കുന്നത്. 2,000 രൂപയാണ് പിഴ. അനധികൃത പാർക്കിങ്ങിന് 250 രൂപയും അമിതവേഗത്തിന് 1,500 രൂപയുമാണ് പിഴ ഈടാക്കുന്നത്.

എന്നാൽ, ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന മൂന്നാമത്തെയാള്‍ 12 വയസിന് താഴെയുള്ള കുട്ടിയാണെങ്കില്‍ കേന്ദ്രത്തിന്‍റെ മറുപടി ലഭിക്കുന്നതുവരെ പിഴ ഈടാക്കില്ലെന്നാണ് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയത്. കുട്ടികളുടെ വിഷയവുമായി ബന്ധപ്പെട്ടുള്ള നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് അയച്ചിട്ടുണ്ടെന്നും വിഷയത്തില്‍ കേന്ദ്രം മറുപടി അറിയിക്കുന്നത് വരെ പിഴ ഈടാക്കില്ലെന്നും മന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details