തിരുവനന്തപുരം:ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന 12 വയസിൽ താഴെയുള്ള കുട്ടികളെ മൂന്നാമത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇത് സംബന്ധിച്ച് കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും കേന്ദ്ര തീരുമാനം വരുന്നതുവരെ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് പിഴ ഈടാക്കില്ലെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്‌തമാക്കി.
എഐ കാമറ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് നാളെ (05-06-2023) രാവിലെ എട്ട് മണി മുതൽ പിഴ ഈടാക്കി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കുന്നതിനാണ് റോഡ് സുരക്ഷ നിയമങ്ങൾ കർശനമാക്കുന്നത്. ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, മൊബൈൽ ഉപയോഗം, അമിത വേഗം, ഇരുചക്രങ്ങളിൽ ഒന്നിലധികം പേർ യാത്ര ചെയ്യുന്നത് അടക്കമുള്ള നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
നേരത്തെ രാജ്യസഭാംഗം എളമരം കരീം കേന്ദ്രത്തിന് അയച്ച കത്തിൽ മറുപടിയായി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന 10 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇളവ് നൽകാനാകില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ വിഷയത്തിൽ സർക്കാർ എന്ന നിലയിൽ കത്തെഴുതുമ്പോൾ കേന്ദ്രം എങ്ങനെയാണ് പരിഗണിക്കുന്നത് എന്ന് നോക്കട്ടെ എന്നായിരുന്നു ആന്‍റണി രാജുവിന്‍റെ മറുപടി.
ഒരു ജനപ്രതിനിധി ഒറ്റയ്ക്ക് കത്തെഴുതുന്നത് പോലെയല്ലല്ലോ സംസ്ഥാന സർക്കാർ ഒരു കാര്യം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്‍റെ പൊതുവികാരം കണക്കിലെടുത്ത് നിലപാട് അറിയിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. അതേസമയം നാല് വയസിൽ താഴെയുള്ള കുട്ടികളെ കാറിന്‍റെ മുൻസീറ്റിൽ യാത്ര ചെയ്യാൻ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
പിഴയിൽ പരാതിയുണ്ടെങ്കിൽ അപ്പീൽ നൽകാം : 12 വയസിനും നാല് വയസിനും ഇടയിലുള്ള എല്ലാ കുട്ടികളും നിർബന്ധമായും ഹെൽമറ്റ് ധരിക്കണം. അതേസമയം പിഴ സംബന്ധിച്ച ആക്ഷേപം ഉള്ളവർക്ക് എൻഫോഴ്സ്മെന്‍റ് ആർടിഒയ്ക്ക് അപ്പീൽ നൽകാം. രണ്ട് മാസത്തിനകം ഓൺലൈനായി അപ്പീൽ നൽകാനുള്ള സൗകര്യവും ഒരുക്കും.
നിലവിൽ നിയമ ലംഘനങ്ങൾ സംബന്ധിച്ച ചെലാൻ പോസ്റ്റൽ വഴിയാണ് അയക്കുന്നത്. എസ്എംഎസ് സംവിധാനം ഉടൻ ഉണ്ടാകില്ല. പ്രതിദിനം 25,000 നിയമ ലംഘനങ്ങൾ പോസ്റ്റൽ മുഖേന അയക്കാനാകും. ഇതിനായി ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരുടെ എണ്ണം മോട്ടോർ വാഹന വകുപ്പും കെൽട്രോണും വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
വിഐപി - നോണ്‍ വിഐപി പരിഗണന ഇല്ല : എഐ കാമറകൾ വന്നതിന് ശേഷം ഒരു നിയമവും കേരളത്തിൽ പുതുതായി വന്നിട്ടില്ല. നിയമ ലംഘനം നടത്തുന്ന വിഐപികൾക്ക് പ്രത്യേക പരിഗണന ഇല്ല. കേന്ദ്രം നിഷ്‌കർഷിച്ച അടിയന്തരാവശ്യത്തിനുള്ള വാഹനങ്ങളെ മാത്രമേ പിഴയിൽ നിന്നും ഒഴിവാക്കുകയുള്ളൂ.
ഗതാഗത മന്ത്രിയായിരിക്കെ തനിക്കും അമിതവേഗത്തിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയിട്ടുണ്ടെന്നും ആന്‍റണി രാജു പറഞ്ഞു. എഐ കാമറയ്ക്ക് മുന്നിൽ വിഐപി എന്നോ നോൺ വിഐപി എന്നോ കാറ്റഗറി ഇല്ലെന്നും മന്ത്രി വ്യക്‌തമാക്കി.