കേരളം

kerala

ETV Bharat / state

AI Camera |'പിടിവീണാല്‍ പിഴ അടയ്ക്കണം, ഇല്ലെങ്കില്‍ മുട്ടൻ പണി'; ഇന്‍ഷുറന്‍സ് കമ്പനികളുമായി മന്ത്രിയുടെ ചർച്ച - എ ഐ കാമറ

ഗതാഗത മന്ത്രി ആന്‍റണി രാജു ഇന്ന് ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തും. എ ഐ കാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴയടയ്‌ക്കാന്‍ നിയമലംഘകര്‍ തയ്യാറാകാതെ വന്നതോടെയാണ് ഗതാഗത വകുപ്പിന്‍റെ പുതിയ നീക്കം.

AI camera fine linked with vehicle insurance  AI camera fine reflect in vehicle insurance  AI Camera  എ ഐ കാമറ ചുമത്തുന്ന പിഴ  വാഹന ഇന്‍ഷുറന്‍സ്  ഗതാഗത മന്ത്രി ആന്‍റണി രാജു  എ ഐ കാമറ  Antony Raju
AI Camera

By

Published : Aug 17, 2023, 10:05 AM IST

തിരുവനന്തപുരം: റോഡിലെ നിയമലംഘനത്തിന് എഐ (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) കാമറ ചുമത്തുന്ന പിഴ അടക്കാൻ വിമുഖത കാട്ടുന്നവർക്ക് എട്ടിന്‍റെ പണി നൽകാന്‍ ഒരുങ്ങുകയാണ് സർക്കാർ. ഇനി മുതൽ വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കാൻ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ പൂർണമായും അടച്ചു തീർക്കണമെന്നാണ് ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ നിർദേശം.

ഗതാഗത നിയമലംഘനങ്ങള്‍ തുടർച്ചയായി ആവര്‍ത്തിക്കുകയും പിഴ അടക്കാതിരിക്കുകയും ചെയ്യുന്ന വാഹനങ്ങള്‍ സാധാരണ കരിമ്പട്ടികയില്‍പ്പെടുത്താറുണ്ട്. എന്നാൽ ഇതിന് പുറമെയാണ് ഇപ്പോൾ ഇൻഷുറൻസ് തടയാനുള്ള നടപടികൾ സർക്കാർ ആലോചിക്കുന്നത്. ഇതിന്‍റെ തുടർനടപടികൾക്കായി ഗതാഗത മന്ത്രി ആന്‍റണി രാജു ഇന്ന് ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തും. രാവിലെ 11ന് ഗതാഗത മന്ത്രിയുടെ ചേംബറിലാണ് ചർച്ച.

ഇന്‍ഷുറന്‍സ് പരിരക്ഷ തടയാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായും സര്‍ക്കാർ തല ചർച്ച നടത്തുമെന്നാണ് വിവരം. 2018 സെപ്റ്റംബർ മുതൽ പുതുതായി വാങ്ങുന്ന കാറുകൾക്ക് മൂന്ന് വർഷത്തെയും ഇരുചക്ര മോട്ടോർ വാഹനങ്ങൾക്ക് അഞ്ച് വർഷത്തെയും ഇൻഷുറൻസാണ് നൽകിയിരുന്നത്. ഇത് വർഷം തോറും പുതുക്കണം.

ഇൻഷുറൻസ് പുതുക്കുന്നതിന് മറ്റ് മാനദണ്ഡങ്ങൾ ഇതുവരെയില്ല. എന്നാൽ എ ഐ കാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ അടക്കാൻ നിയമലംഘകർ തയ്യാറാകാത്തതാണ് ഈ നടപടിക്ക് ഗതാഗത വകുപ്പിനെ പ്രേരിപ്പിക്കുന്നത്. 3,82,580 ഇ ചലാനുകളാണ് ഇതുവരെ എ ഐ കാമറ വഴി ജനറേറ്റ് ചെയ്‌തത്. 25.81 കോടി രൂപയാണ് ഇ ചലാൻ ജനറേറ്റ് ചെയ്‌തത് വഴി പിഴയായി കണക്ക് കൂട്ടിയിരിക്കുന്ന തുക. ഇതിൽ 3.37 കോടി രൂപ മാത്രമാണ് ഇതുവരെ പിഴ തുകയായി ലഭിച്ചത്.

ഈ സാഹചര്യത്തിൽ പിഴ തുക സുഗമമായി അടപ്പിക്കുന്നതിന് വേണ്ടിയാണ് ഗതാഗത വകുപ്പ് വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കാൻ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ പൂർണമായും അടച്ചു തീർക്കണമെന്ന മാനദണ്ഡം മുന്നോട്ട് വയ്ക്കാ‌ൻ ഒരുങ്ങുന്നത്. ഇൻഷുറൻസ് കമ്പനികളുമായും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായും നടത്തുന്ന ചർച്ചകൾക്ക് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.

ആഗസ്റ്റ് 3ന് എ ഐ കാമറകളുടെ പ്രവർത്തനം വിലയിരുത്താൻ ചേർന്ന യോഗത്തിന് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലായിരുന്നു ആന്‍റണി രാജു ഇക്കാര്യം അറിയിച്ചത്. അതേസമയം ജൂൺ അഞ്ച് മുതൽ ഓഗസ്റ്റ് രണ്ട് വരെ 32,42,277 നിയമ ലംഘനങ്ങളാണ് എ ഐ കാമറ വഴി കണ്ടെത്തിയത്. ഇതിൽ 15,83,367 എണ്ണമാണ് പ്രൊസസ് ചെയ്‌തത്. 5,89,394 എണ്ണമാണ് ഐടിഎംഎസിലേക്ക് കൈമാറിയത്. 3,82,580 ഇ ചലാനുകളാണ് ഇതുവരെ ജനറേറ്റ് ചെയ്‌തതെന്നും തപാൽ വഴി 3,23,604 ചലാനുകളാണ് ഇതുവരെ അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details