തിരുവനന്തപുരം: എ ഐ കാമറ പദ്ധതിയിൽ പ്രതിപക്ഷം ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ അഴിമതി ആരോപണങ്ങളെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ആരോപണങ്ങൾ ഉന്നയിക്കുന്നതല്ലാതെ അതിന് കൃത്യമായ രേഖകൾ പ്രതിപക്ഷം ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. പ്രതിപക്ഷ നേതാവായ വിഡി സതീശനും മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയും പുറത്തുവിട്ട രേഖകളെല്ലാം കെൽട്രോണും പുറത്തുവിട്ടതാണെന്നും രാജീവ് പറഞ്ഞു.
പദ്ധതിയിൽ സർക്കാർ ഇതുവരെ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. എന്നാൽ മാധ്യമങ്ങൾ അടക്കം ഇക്കാര്യം പറയുന്നില്ല. വസ്‌തുതാ വിരുദ്ധമായ പ്രചരണമാണ് നടക്കുന്നത്. ആരോപണങ്ങൾ വന്നപ്പോൾ തന്നെ എല്ലാ വിഷയങ്ങളും പരിശോധിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ആ അന്വേഷണ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് കൂടുതൽ വിശദീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവും പ്രസാഡിയോ കമ്പനിയും തമ്മിൽ ബന്ധമുണ്ടെങ്കിൽ അതിന് തെളിവ് പ്രതിപക്ഷം കൊണ്ടുവരണം. കരാർ സംബന്ധിച്ചുള്ള മീറ്റിങ്ങിൽ പ്രകാശ് ബാബു പങ്കെടുത്തിട്ടുണ്ടെങ്കിൽ തെളിവ് പുറത്തുവിടണം. നിലവിൽ കെൽട്രോണുമായി കരാർ ഒപ്പിട്ട കമ്പനി പ്രകാശ് ബാബുവിന്‍റെ ഗസ്റ്റ് ഹൗസ് ഉപയോഗിച്ചതിന് പണം നൽകാനുണ്ട് എന്നതാണ് ഇപ്പോൾ പുറത്തുവന്ന രേഖയിലെ ബന്ധം.
ഈ ബന്ധം വച്ച് സർക്കാരോ മുഖ്യമന്ത്രിയോ എന്താണ് പ്രതികരിക്കേണ്ടതെന്നും പി രാജീവ് ചോദിച്ചു. ഒരു ബന്ധവുമില്ല എന്ന് പറയുന്നില്ല. ബന്ധമുണ്ടെങ്കിൽ തെളിവടക്കം പുറത്തുകൊണ്ടുവരണം. ഇത് ചെയ്യാതെ പുകമറ സൃഷ്‌ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കാമറയുടെ വിലയിൽ അടക്കം പ്രതിപക്ഷം എന്ത് കണക്കുകൂട്ടൽ ആണ് നടത്തുന്നതെന്ന് മനസിലാകുന്നില്ല.