തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം ആഘോഷമാക്കാനായി തയ്യാറെടുത്തിരുന്ന സിപിഎമ്മിനും ഇടതുമുന്നണിക്കുമേറ്റ കനത്ത തിരിച്ചടിയാണ് എഐ കാമറ വിവാദം. ഓരോ ദിവസവും ആരോപണങ്ങള്‍ ശക്തമായി ഉന്നയിച്ചും തെളിവുകള്‍ പുറത്തുവിട്ടും പ്രതിപക്ഷം കടുപ്പിക്കുമ്പോള്‍ എങ്ങനെ പ്രതിരോധിക്കണമെന്ന ആലോചനയിലാണ് സിപിഎം. ഊരാളുങ്കല്‍ ബന്ധവും കരാറുകളിലെ ക്രമക്കേടുകളും ഉയര്‍ത്തി മുഖ്യമന്ത്രിയെ നേരിട്ട് ആക്രമിച്ച് പ്രതിപക്ഷം മുന്നേറുമ്പോള്‍ സര്‍ക്കാറും സിപിഎമ്മും മൗനത്തിലാണ്.
ALSO READ |എഐ കാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഉടൻ പിഴ ഈടാക്കില്ല; വിവാദത്തിലെ അന്വേഷണങ്ങൾക്ക് ശേഷം നടപടി
കൃത്യമായ ഒരു നിലപാട് ഇതുവരെ ഭരണമുന്നണിയുടെ ഭാഗമായി ആരും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി പൊതുയോഗങ്ങളിലെ പ്രസംഗങ്ങളില്‍ പ്രതിപക്ഷ നേതാവിനെതിരെ സംസാരിച്ചെങ്കിലും ആരോപണങ്ങളില്‍ മറുപടി പറഞ്ഞില്ല. ആരോപണങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കട്ടേയെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സ്വീകരിച്ചത്. എന്നാല്‍, ഈ വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ കാര്യമായ ചര്‍ച്ച നടക്കാത്തതിനാലാണ് സിപിഎം നേതാക്കൾ ഒഴുക്കൻ മറുപടിയുമായി തടിതപ്പുന്നത്.
ഉയര്‍ന്നത് കോടികളുടെ അഴിമതി ആരോപണം:നാളെ മുതല്‍ ആരംഭിക്കുന്ന സിപിഎം നേതൃയോഗങ്ങളില്‍ വിവാദം വിശദമായി ചര്‍ച്ച ചെയ്യാനാണ് സിപിഎം തീരുമാനം. നാളെ സംസ്ഥാന സെക്രട്ടേറിയറ്റും ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാന സമിതിയും ചേരുന്നുണ്ട്. കഴിഞ്ഞ നേതൃയോഗങ്ങളില്‍ സര്‍ക്കാര്‍- പാര്‍ട്ടി സമീപനത്തില്‍ പ്രത്യേക ചര്‍ച്ച നടന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തന രേഖയും തയ്യാറാക്കിയിരുന്നു.
അഴിമതിയോട് വിട്ടുവീഴ്‌ച പാടില്ലെന്നാണ് ഈ സമീപന രേഖയില്‍ വ്യക്തമാക്കിയിരുന്നത്. ഇതിന്‍റെ തുടര്‍ച്ച ചര്‍ച്ച ചെയ്യാനാണ് നാളത്തെ നേതൃയോഗങ്ങള്‍. ഇതിനിടയിലാണ് സര്‍ക്കാറിനേയും മുഖ്യമന്ത്രിയേയും പ്രതികൂട്ടിലാക്കി കോടികളുടെ അഴിമതി ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗമായ നാല് പേര്‍ മന്ത്രിസഭയിലുണ്ട്.
മന്ത്രിസഭ യോഗങ്ങളിലടക്കം ഈ പദ്ധതിയില്‍ മന്ത്രിമാര്‍ എതിര്‍പ്പറിയിച്ചതായാണ് വിവരം. അങ്ങനെയെങ്കില്‍ നേതൃയോഗങ്ങളില്‍ കാമറ അഴിമതി സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങള്‍ വിശദമായി തന്നെ ചര്‍ച്ച ചെയ്യപ്പെടും. അന്വേഷണം നടക്കുമ്പോള്‍ പ്രതികരണം നടത്തുന്നതിലെ അനുചിതമാണ് ഇപ്പോഴുള്ള മൗനത്തിന് സിപിഎം നല്‍കുന്ന വിശദീകരണം.
മുഖ്യമന്ത്രിയും മുന്നണിയും മൗനത്തില്‍:എഐ കാമറ സംബന്ധിച്ച് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഇടുതുമുന്നണിയിലെ ഘടകക്ഷികളും മൗനത്തിലാണ്. സര്‍ക്കാറിനെ പ്രതിരോധിക്കുന്ന തരത്തിലുളള പ്രതികരണങ്ങള്‍ മുന്നണിയിലെ കക്ഷികളില്‍ നിന്നുമുണ്ടായിട്ടില്ല. ശക്തമായ നിലപാടെടുക്കാറുള്ള സിപിഐയും ഇക്കാര്യത്തില്‍ മൗനത്തിലാണ്. നേരത്തെ എഐ കാമറ പദ്ധതി നടപ്പിലാക്കുമ്പോള്‍ രക്ഷിതാക്കള്‍ക്കൊപ്പം കുഞ്ഞിനെയും കൊണ്ടുള്ള യാത്ര നിയമവിരുദ്ധമാണെന്നതിനോട് സിപിഐയും, കെബി ഗണേഷ് കുമാറും എതിര്‍പ്പ് പരസ്യമാക്കിയിരുന്നു.
എന്നാല്‍, അഴിമതി ആരോപണങ്ങളില്‍ ആരും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി പ്രതിപക്ഷ നേതാവ് വിഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സര്‍ക്കാറിനേയും മുഖ്യമന്ത്രിയേയും ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ വെല്ലുവിളിച്ചിരുന്നു. എന്നാല്‍, അതിനെയെല്ലാം മൗനത്തിലൂടെ അവഗണിക്കുകയാണ് മുഖ്യമന്ത്രിയും നേതാക്കളും. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനത്തോട് രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയും പ്രതികരിച്ചത്.