തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടികൾക്ക് ഇളവ് നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ. രാജ്യസഭാംഗം എളമരം കരീം, 10 വയസിൽ താഴെ പ്രായമുള്ള കുട്ടികളെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. എന്നാൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി നൽകിയ മറുപടിയിലാണ് ഇളവ് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
എഐ കാമറ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ജൂൺ 5 തിങ്കളാഴ്‌ച മുതൽ പിഴ ഈടാക്കാനിരിക്കെയാണ് കേരളത്തിന് തിരിച്ചടിയായി കേന്ദ്രത്തിന്‍റെ മറുപടി. ഗതാഗത മന്ത്രി ആൻ്റണി രാജുവും ഇരുചക്ര വാഹനങ്ങളിൽ മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയച്ചിരുന്നു. എന്നാൽ ഇതിൽ കേന്ദ്രത്തിന്‍റെ മറുപടി ഇതുവരെയും ലഭിച്ചിട്ടില്ല.
10 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇളവ് അനുവദിക്കാത്ത സാഹചര്യത്തിൽ സർക്കാർ ആവശ്യപ്രകാരം 12 വയസിൽ താഴെയുള്ള കുട്ടികൾക്കും ഇളവ് അനുവദിക്കാൻ സാധ്യതയില്ല. കേന്ദ്ര മോട്ടോർ വാഹന ചട്ട പ്രകാരം ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെ യാത്രക്കാരനായി യാത്ര ചെയ്യുന്ന കുട്ടികൾക്ക് യാതൊരു കാരണവശാലും ഇളവ് അനുവദിക്കാൻ ആകില്ലെന്നാണ് കേന്ദ്രം കത്തിലൂടെ അറിയിച്ചിരിക്കുന്നത്. അതേസമയം സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്ത് സ്ഥാപിച്ച 726 എഐ കാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് നാളെ (05-06-2023) മുതൽ പിഴ ഈടാക്കി തുടങ്ങും.