തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നലെ (06-06-2023) എഐ കാമറ വഴി കണ്ടെത്തിയത് 49,317 നിയമ ലംഘനങ്ങൾ. തിങ്കളാഴ്‌ച അർധരാത്രി 12 മണി മുതൽ ഇന്നലെ വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്കാണിത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് വൻ വർധനവാണ് കേസുകളില്‍ ഉണ്ടായിരിക്കുന്നത്.
സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എഐ കാമറകൾ വഴി ഇന്നലെ ഏറ്റവുമധികം നിയമ ലംഘനങ്ങൾ കണ്ടെത്തിയിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. 8,454 നിയമ ലംഘനങ്ങളാണ് ഇവിടെ കണ്ടെത്തിയത്. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കുറവ് നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്‌തത്.
1,252 നിയമ ലംഘനങ്ങളാണ് ആലപ്പുഴ ജില്ലയിലാകെ റിപ്പോർട്ട് ചെയ്‌തത്. അതേസമയം തിങ്കളാഴ്‌ച സംസ്ഥാനത്ത് ആകെ 28,891 നിയമ ലംഘനങ്ങളാണ് പിടികൂടിയത്. തിങ്കളാഴ്‌ച രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്കാണിത്.
കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലാണ് ഏറ്റവുമധികം നിയമ ലംഘനങ്ങൾ ഉണ്ടായത്. 4,778 നിയമ ലംഘനങ്ങളാണ് ഇവിടെ മാത്രം റിപ്പോർട്ട് ചെയ്‌തത്. ഏറ്റവും കുറവ് നിയമ ലംഘനങ്ങൾ മലപ്പുറം ജില്ലയിലാണ്. 545 നിയമ ലംഘനങ്ങളാണ് ഇവിടെ ആകെ റിപ്പോർട്ട് ചെയ്‌തത്.
എഐ കാമറ വഴി തിങ്കളാഴ്‌ച കണ്ടെത്തിയ മുഴുവൻ നിയമ ലംഘനങ്ങൾക്കും ഇന്നലെ രാവിലെ മുതൽ പിഴ നോട്ടിസ് നൽകി തുടങ്ങുമെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. എന്നാൽ നിയമ ലംഘകർക്ക് പിഴ ചുമത്താനായി നോട്ടിസ് അയക്കുന്നത് മുടങ്ങിയെന്നാണ് ഒടുവിൽ ലഭ്യമാകുന്ന വിവരം. എഐ കാമറ പ്രവർത്തനമാരംഭിച്ച തിങ്കളാഴ്‌ച മുതലാണ് സെർവർ തകരാറിലായത്.