തിരുവനന്തപുരം: കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം നീട്ടുന്നത് സംബന്ധിച്ച് കൃഷിമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഈ മാസം പത്തിന് റിസർവ് ബാങ്ക് ഗവർണറെ കാണും. സംസഥാന ബാങ്കേഴ്സ് സമിതിയുമായി സർക്കാർ നടത്തിയ ചർച്ചയിലുണ്ടായ തീരുമാനങ്ങൾ ആർബിഐ ഗവർണറെ അറിയിക്കും.
കാർഷിക വായ്‌പ; മൊറട്ടോറിയം നീട്ടാൻ കൃഷിമന്ത്രി റിസർവ് ബാങ്ക് ഗവർണറെ കാണും - minister vs sunilkumar
മൊറട്ടോറിയത്തിന്‍റെ കാര്യത്തിൽ സംസ്ഥാനത്തിന് മാത്രമായി ഇളവ് നൽകാനാകില്ലെന്ന നിലപാടിലാണ് ആർബിഐ
കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടണമെന്നാണ് സർക്കാരിന്‍റെ ആവശ്യം. നേരത്തെ തിരുവനന്തപുരത്ത് ബാങ്കേഴ്സ് സമിതിയുമായി നടത്തിയ ചർച്ചയിൽ മൊറട്ടോറിയം നീട്ടാൻ റിസർവ് ബാങ്കിനോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചിരുന്നു. ഈ ചർച്ചയിലെ തീരുമാനങ്ങൾ കൃഷി വകുപ്പ് മന്ത്രി വിഎസ് സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ആർബിഐ ഗവർണറെ അറിയിക്കും. ധനകാര്യ സെക്രട്ടറി, കൃഷി വകുപ്പ് സെക്രട്ടറി എന്നിവരും സംഘത്തിലുണ്ട്. ഈ മാസം പത്താം തിയതി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചതായി മന്ത്രി വിഎസ് സുനിൽ കുമാർ പറഞ്ഞു. അതേ സമയം മൊറട്ടോറിയത്തിന്‍റെ കാര്യത്തിൽ സംസ്ഥാനത്തിന് മാത്രമായി ഇളവ് നൽകാനാകില്ലെന്ന നിലപാടിലാണ് ആർബിഐ. എന്നാൽ കാർഷിക വായ്പ പുനക്രമീകരിക്കണമെന്നത് അടക്കമുള്ള ഇളവുകൾ ആവശ്യപ്പെട്ട് ബാങ്കേഴ്സ് സമിതിയും റിസർവ് ബാങ്കിന് കത്തയച്ചിട്ടുണ്ട്.