തിരുവനന്തപുരം: വെൽഫെയർ പാർട്ടിയുമായി തദ്ദേശ തെരഞ്ഞെടുപ്പിൽ ധാരണയുണ്ടെന്ന് തുറന്ന് സമ്മതിച്ച് യുഡിഎഫ് കൺവീനർ എം.എം ഹസൻ. വെൽഫെയർ പാർട്ടി, ആർ.എം.പി എന്നീ പാർട്ടികളുമായി നീക്കുപോക്കിന് ധാരണ ഉണ്ടാക്കാൻ പ്രദേശിക നേതൃത്വങ്ങൾക്ക് കൊച്ചിയിൽ ചേർന്ന യുഡിഎഫ് യോഗം അധികാരം നൽകിയിരുന്നുവെന്ന് ഹസൻ പറഞ്ഞു. വെൽഫെയർ പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവർത്തിക്കുന്നതിനിടെയാണ് ഹസന്‍റെ പ്രതികരണം.
വെൽഫെയർ പാർട്ടിയുമായി തദ്ദേശ തെരഞ്ഞെടുപ്പിൽ ധാരണയുണ്ടെന്ന് എം.എം ഹസൻ
വെൽഫെയർ പാർട്ടി, ആർ.എം.പി എന്നീ പാർട്ടികളുമായി നീക്കുപോക്കിന് ധാരണ ഉണ്ടാക്കാൻ പ്രദേശിക നേതൃത്വങ്ങൾക്ക് കൊച്ചിയിൽ ചേർന്ന യുഡിഎഫ് യോഗം അധികാരം നൽകിയിരുന്നുവെന്ന് എം.എം ഹസൻ
വെൽഫെയർ പാർട്ടിയുമായി നീക്ക് പോക്കുണ്ട്. അത് പറയാൻ പേടിയില്ലെന്നും എന്നാൽ സഖ്യമില്ലെന്നും ഹസൻ പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു എം.എം ഹസൻ.
യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഇടത് സർക്കാരിന്‍റെ എല്ലാ മിഷനുകളും പിരിച്ചു വിടും. മിഷനുകളുടെ മറവിൽ സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവർന്നെടുത്തു. സിപിഎമ്മും ബിജെപിയുമാണ് ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ പ്രധാന ശത്രുക്കൾ. സാധാരണ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന പ്രസ്‌താവനകൾ നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും എം.എം ഹസൻ കൂട്ടിച്ചേർത്തു.