തിരുവനന്തപുരം:അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി നാളെ (20-06-2022) ചില സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും, വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനയോടും നാളെ എല്ലാ സമയവും സേവനസന്നദ്ധമായിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അഗ്നിപഥ് പ്രതിഷേധം: ഭാരത് ബന്ദില്‍ പൊലീസിന് നിര്‍ദേശങ്ങളുമായി ഡിജിപി - അഗ്നിപഥ് പ്രതിഷേധം
അഗ്നിപഥ് പദ്ധതിക്കെതിരെ ചില സംഘടനകളാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശം ഡിജിപി പുറത്തിറക്കിയത്
ജില്ല പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റെയ്‌ഞ്ച് ഡി.ഐ.ജിമാരും, മേഖലാ ഐ.ജിമാരും സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കും. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കും.
പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഞായാറാഴ്‌ച (19-06-2022) രാത്രി മുതല്‍ തന്നെ പൊലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തും. കോടതികള്‍, വൈദ്യുതി ബോര്‍ഡ് ഓഫിസുകള്‍, കെ.എസ്.ആര്‍.ടി.സി, മറ്റ് സര്‍ക്കാര്‍ ഓഫിസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്‌ക്ക് ആവശ്യമായ സംരക്ഷണം നല്‍കാനും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്.