തിരുവനന്തപുരം:രാജ്യത്ത് ആഫ്രിക്കൻ പന്നി പനി രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രതിരോധ നടപടികൾ ശക്തമാക്കിയതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. രോഗത്തിന് ഫലപ്രദമായ വാക്‌സിനോ ചികിത്സയോ ഇല്ലാത്തതിനാൽ മുൻകരുതൽ നടപടികൾ വളരെ പ്രധാനപ്പെട്ടതാണ്. കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ള ആഫ്രിക്കൻ സൈൻ ഫീവർ ആക്ഷൻ പ്ലാൻ പ്രകാരം നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ല മൃഗസംരക്ഷണ ഓഫിസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനത്തെ എല്ലാ രോഗ നിര്‍ണയ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. രോഗം വരാതെ തടയുന്നതിനായി സംസ്ഥാനത്ത് ബയോ സെക്യൂരിറ്റി നടപടികൾ കാര്യക്ഷമമാക്കാൻ കേന്ദ്രവും നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏതെങ്കിലും പ്രദേശത്ത് സംശയാസ്‌പദമായ രോഗബാധയുണ്ടായാല്‍ വിവരങ്ങള്‍ അറിയിക്കുന്നതിന് കുടപ്പനക്കുന്ന് അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്‌ടിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം (SADEC) പ്രവർത്തന സജ്ജമാക്കി.