തിരുവനന്തപുരം:ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് യുജിസി അംഗീകാരം ലഭിച്ചില്ലെങ്കില്‍ മറ്റ് സര്‍വകലാശാലകളിലൂടെ വിദൂര വിദ്യാഭ്യാസ - പ്രൈവറ്റ് രജിസ്‌ട്രേഷന്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാത്ത തരത്തില്‍ അഡ്‌മിഷന്‍ ക്രമീകരിക്കുകയാണ് സര്‍ക്കാര്‍ തീരുമാനമെന്നും നിയമസഭയില്‍ ടി.വി ഇബ്രാഹിം എം.എല്‍.എയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
കേരളത്തിലെ നാല് സര്‍വകലാശാലകളിലെയും വിദൂര വിദ്യാഭ്യാസ - പ്രൈവറ്റ് രജിസ്‌ട്രേഷന്‍ കോഴ്‌സുകളിലേക്ക് ഈ അധ്യയനവര്‍ഷം പ്രവേശനം തടഞ്ഞുകൊണ്ടാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. വിദൂര വിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്‌ട്രേഷനും ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സര്‍വകലാശാലയ്‌ക്ക് യു.ജി.സി അംഗീകാരം ലഭിക്കാന്‍ ഇനിയും സമയം എടുക്കുമെന്നിരിക്കെയാണ് വകുപ്പിന്‍റെ ഉത്തരവ്.