തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ശബരിമല ഒഴികെയുള്ള എല്ലാ ക്ഷേത്രങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചിങ്ങം ഒന്ന് (തിങ്കള്‍) മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാനാണ് തീരുമാനം. ഒരു സമയം അഞ്ച് പേര് എന്ന നിലയില്‍ ഭക്തര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാം. 10 വയസിന് താഴെയുള്ളവരെയും 65 വയസിന് മുകളിലുമുള്ളവരെയും ഇപ്പോള്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കില്ല. രാവിലെ ആറ് മണിക്ക് മുന്‍പും വൈകുന്നേരം 6.30 മുതല്‍ 7 മണിവരെയും ഭക്തര്‍ക്ക് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം ഉണ്ടാവില്ല.
തിരുവിതാംകൂര്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ തിങ്കള്‍ മുതല്‍ പ്രവേശനം - തിരുവിതാംകൂര്‍ ദേവസ്വം
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ശബരിമല ഒഴികെയുള്ള എല്ലാ ക്ഷേത്രങ്ങളിലും ചിങ്ങം ഒന്ന് (തിങ്കള്‍) മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവർ മാസ്ക് ധരിക്കണം. ആദ്യം വരുന്നവര്‍ ആദ്യം എന്ന രീതിയില്‍ ഭക്തരുടെ പ്രവേശനം ക്രമീകരിക്കും. ദര്‍ശന സമയത്തും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുമ്പോഴും ഓരോരുത്തരും പരസ്പരം ആറ് അടി അകലം പാലിക്കണം. ക്ഷേത്രത്തില്‍ എത്തുന്ന മുഴുവന്‍ ഭക്തജനങ്ങളുടെയും പേരും മേല്‍വിലാസവും ഫോണ്‍ നമ്പരും രജിസ്റ്ററില്‍ രേഖപ്പെടുത്തും. ഭക്തര്‍ക്ക് വഴിപാടുകള്‍ നടത്താം. ശ്രീകോവിലില്‍ നിന്ന് നേരിട്ട് പ്രസാദം വിതരണം ചെയ്യില്ല. പ്രസാദ വിതരണം പ്രത്യേക കൗണ്ടറുകള്‍ വഴി മാത്രമായിരിക്കും. ക്ഷേത്രക്കുളത്തില്‍ ഭക്തരെ കുളിക്കാനോ കൈകാലുകള്‍ കഴുകുന്നതിനോ അനുവദിക്കില്ല. ദര്‍ശനം കഴിഞ്ഞ് ഉടനെ തന്നെ ഭക്തര്‍ പുറത്തിറങ്ങി അടുത്തയാളിന് ദര്‍ശനത്തിന് വേണ്ട സൗകര്യം ഒരുക്കണം. ഗര്‍ഭിണികള്‍ മറ്റ് തരത്തിലുള്ള രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് ക്ഷേത്ര ദര്‍ശനം അനുവദിക്കില്ല.
കഴിഞ്ഞ മാസം മുതല്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നാലമ്പലത്തിനു പുറത്ത് നിന്ന് മാത്രമാണ് ഭക്തര്‍ക്ക് ദര്‍ശനം അനുവദിച്ചിരുന്നത്. ക്ഷേത്രങ്ങളില്‍ അന്നദാനം, ബലിതര്‍പ്പണം എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.കൊവിഡ് പശ്ചാത്തലത്തില്‍ അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.