തിരുവനന്തപുരം:ചന്ദ്രോപരിതലത്തില്‍ തൊടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. ആരും കൊതിക്കുന്ന ഈ നേട്ടത്തിനപ്പുറവും വലിയ ലക്ഷ്യങ്ങളാണ് ഇന്ത്യ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഇസ്രോ (ISRO) സ്വപ്‌നം കാണുന്നത്. ചന്ദ്രനെ തൊട്ടതിനു പിന്നാലെ ഇസ്രോയുടെ അടുത്ത ദൗത്യം സൂര്യനിലേക്കാണ്. ആദിത്യ (Aditya L1) എന്ന് പേരിട്ടിരിക്കുന്ന ഇസ്രോയുടെ സൗരദൗത്യം സെപ്റ്റംബര്‍ ആദ്യവാരം തന്നെയുണ്ടാകും. അതിനു ശേഷമാണ് മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ദൗത്യം 'ഗഗന്‍യാന്‍' (Gaganyaan).
ഇത്തരത്തില്‍ വലിയ ലക്ഷ്യങ്ങളിലേക്ക് പോകുമ്പോള്‍ ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ് ചന്ദ്രയാന്‍ 3 (Chandrayaan 3) ന്‍റെ വിജയം. ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 1 (Chandrayaan 1) ലോകത്തിന് സമ്മാനിച്ചത് ചന്ദ്രനില്‍ ജലത്തിന്‍റെ അംശമുണ്ടെന്ന പുതിയ അറിവാണ്. രണ്ടാം ദൗത്യം അവസാനഘട്ടത്തില്‍ പാളിപ്പോയെങ്കിലും അതില്‍ നിന്നും ലഭിച്ച അറിവുകള്‍ വച്ച് മൂന്നാം ദൗത്യം വലിയ വിജയമായി. അതും ആരും ഇതുവരെ തൊടാത്ത ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡര്‍ ഇറക്കി വിസ്‌മയമായി. ഇനിയുള്ള 14 നാള്‍ ഇവിടെ നിന്നും ലഭിക്കുന്ന അറിവുകള്‍ക്കായി ശാസ്‌ത്രലോകം കാത്തിരിക്കുകയാണ്. ചന്ദ്രോപരിതലത്തിലെ ഊഷ്‌മാവ്, ധാതുനിക്ഷേപങ്ങള്‍, പ്ലാസ്‌മ തോത്, ചന്ദ്രോപരിതലത്തിലെ പ്രകമ്പനങ്ങള്‍, ചന്ദ്രോപരിതലത്തിന്‍റെ പ്രത്യേകത എന്നിവ സംബന്ധിച്ച് നിര്‍ണായക പഠനങ്ങളാണ് ചന്ദ്രയാനിലെ വിക്രം ലാന്‍ഡറും റോവറും നടത്തുക.
സൂര്യനെ പഠിക്കാന്‍ ആദിത്യ:ഇസ്രോയുടെ (ISRO) ആദ്യ സൗരപര്യവേഷണ ദൗത്യമാണ് ആദിത്യ എല്‍ 1(Aditya L1). പര്യവേഷണത്തിനുള്ള അവസാനവട്ട തയാറെടുപ്പുകളാണ് ഇപ്പോള്‍ നടക്കുന്നത്. സെപ്‌റ്റംബര്‍ ആദ്യ ആഴ്‌ചയില്‍ തന്നെ ആദിത്യയുടെ വിക്ഷേപണമുണ്ടാകും. ചന്ദ്രയാന്‍ ദൗത്യത്തിനൊപ്പം നേരത്തെ നടത്തിയ ചൊവ്വ ദൗത്യം ഉള്‍പ്പെടുളള ദൗത്യങ്ങളുടെ ആത്മവിശ്വാസവുമായാണ് ഇസ്രോ (ISRO) സൂര്യനെ കുറിച്ച് പഠിക്കാന്‍ ഒരുങ്ങുന്നത്.
സൂര്യനില്‍ നിന്നുമുണ്ടാകുന്ന വികിരണങ്ങളുടെ തോതടക്കമാണ് ആദിത്യ ദൗത്യത്തിലൂടെ പഠിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം തന്നെ സൂര്യനില്‍ ഉണ്ടാകാവുന്ന കാലാവസ്ഥ വ്യതിയാനങ്ങളെ കുറിച്ചും ദൗത്യത്തിലൂടെ മനസിലാക്കാനാണ് ശ്രമം. ഇതിനായുള്ള പേലോഡുകളുമായാണ് ആദിത്യ വിക്ഷേപിക്കുന്നത്. ഇതില്‍ പ്ലാസ്‌മയെ കുറിച്ച് പഠിക്കുന്നതിനുള്ള പപ്പ എന്ന പേലോഡ് തിരുവനന്തപുരം വിഎസ്എസ്‌സിയിലെ ഫിസിക്‌സ് ലാബിലാണ് തയാറാക്കിയിരിക്കുന്നത്. ക്രോണോറാഗ്രാഫിങ്, അള്‍ട്രാവയലറ്റ് ഇമേജിങ്, ഊര്‍ജ ഘടകങ്ങള്‍ മനസിലാക്കുക എന്നിവയ്ക്കായാണ് മറ്റ് പേലോഡുകള്‍. ഭൂമിയില്‍ നിന്നും 15 ലക്ഷം കിലോമീറ്റര്‍ അകലെയായുള്ള ഭ്രമണപഥത്തിലാകും ആദിത്യ (Aditya L1) സൂര്യനെ നിരീക്ഷിക്കുക. ഈ പോയിന്‍റിനെ എല്‍ വണ്‍ പോയിന്‍റ് എന്നാണ് വിളിക്കുക.