കേരളം

kerala

ETV Bharat / state

എ.ഡി.ജി.പി യോഗേഷ് ഗുപ്‌ത കേരളത്തില്‍ മടങ്ങിയെത്തി

കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ സി.എം.ഡിയായി എ.ഡി.ജി.പി യോഗേഷ് ഗുപ്‌ത ചുമതലയേറ്റു

എ.ഡി.ജി.പി യോഗേഷ് ഗുപ്‌ത  ബിവറേജസ് കോര്‍പ്പറേഷന്‍ സി.എം.ഡി  ADGP Yogesh Gupta  beverages corporation kerala
എ.ഡി.ജി.പി യോഗേഷ് ഗുപ്‌ത കേരളത്തില്‍ മടങ്ങിയെത്തി

By

Published : Feb 1, 2021, 7:40 PM IST

Updated : Feb 2, 2021, 9:39 AM IST

തിരുവനന്തപുരം: നഷ്‌ടത്തിലേക്ക് നീങ്ങിയ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലേക്കു നയിച്ച മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ യോഗേഷ് ഗുപ്‌ത കേരള കേഡറിലേക്ക് മടങ്ങിയെത്തി. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ സി.എം.ഡിയായി അദ്ദേഹം ചുമതലയേറ്റു. 2013ല്‍ ഐ.ജിയായിരിക്കേ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോയ യോഗേഷ് ഗുപ്‌ത കൊല്‍ക്കത്തയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടട്രേറ്റ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ അഡീഷണല്‍ ഡയറക്ടറായി സേവനമനുഷ്‌ഠിക്കുകയായിരുന്നു.

2006-11 കാലത്ത് 600 കോടി നഷ്‌ടത്തിലായിരുന്ന പൊതു മേഖലാ സ്ഥാപനായ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെ നഷ്ടത്തില്‍ നിന്ന് തുടര്‍ച്ചയായി 3 വര്‍ഷം ലാഭത്തിലാക്കിയ യോഗേഷ് ഗുപ്‌തയെ 2011ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍(കെ.എഫ്.സി) എം.ഡിയായി നിയമിച്ചിരുന്നു. നഷ്ടത്തിലായിരുന്ന കെഎഫ്‌സിയെ പ്രൊഫഷണല്‍ രീതിയിലേക്ക് വളര്‍ത്തിയെടുത്തത് യോഗേഷ് ഗുപ്‌തയാണ്. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുള്ള വായ്‌പാ പദ്ധതി ആദ്യമായി ആവിഷ്‌കരിച്ചതും ഇദ്ദേഹത്തിന്‍റെ കാലത്താണ്. ആദ്യമായി കോർപ്പറേഷനെ 200 കോടി ലാഭത്തിലുമെത്തിച്ചു. എന്നാല്‍ വായ്‌പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ ധനമന്ത്രി കെ.എം.മാണിയുടെ ഇടപെടലുകളെ എതിര്‍ത്തതിനെ തുടര്‍ന്ന് യു.ഡി.എഫ് സര്‍ക്കാരുമായി ഇടഞ്ഞാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോയത്.

വിവാദമായ ശാരദാ ചിട്ടി നിക്ഷേപ തട്ടിപ്പ്, സീഷോര്‍ നിക്ഷേപ തട്ടിപ്പ്, ബേസില്‍ ഇന്‍റർനാഷണല്‍ തുടങ്ങിയ പ്രമാദമായ നിക്ഷേപ തട്ടിപ്പു കേസുകള്‍ അന്വേഷിച്ച് 7000 കോടി രൂപയാണ് യോഗേഷ് ഗുപ്‌തയുടെ നേതൃത്വത്തിൽ സര്‍ക്കാരിലേക്ക് കണ്ടു കെട്ടിയത്. 50 കോടി രൂപയുടെ നരദാ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷിച്ചതും യോഗേഷ് ഗുപതയായിരുന്നു. 12 കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട 10000 കോടിരൂപയുടെ തട്ടിപ്പു കേസിൽ സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിന്‍റെ മേല്‍നോട്ടവും യോഗേഷ് ഗുപതയ്ക്കായിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഒറീസയിലെ അനധികൃത ഇരുമ്പയിര്, മാംഗനീസ് ഖനന കേസുകളുടെ അന്വേഷണ ചുമതലയും വഹിച്ചു. 2001 മുതല്‍ 2006വരെ സി.ബി.ഐയില്‍ പ്രവര്‍ത്തിച്ച യോഗേഷ് ഗുപ്‌ത, ഖേതന്‍ പരേഖ് ഓഹരി തട്ടിപ്പു കേസുള്‍പ്പെടെ നിരവധി തട്ടിപ്പു കേസുകള്‍ അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്നിട്ടുണ്ട്.

മുന്‍പ് യോഗേഷ് ഗുപ്‌ത ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡിയായിരിക്കേയാണ് കോർപ്പറേഷൻ വിറ്റുവരവില്‍ ഗണ്യമായ വര്‍ധനയുണ്ടായത്. അതേ സ്ഥാനത്തേക്കാണ് പതിറ്റാണ്ടുകള്‍ക്കു ശേഷം എ.ഡി.ജി.പി പദവിയിലിരിക്കേ യോഗേഷ് ഗുപ്‌ത തിരിച്ചെത്തുന്നത്. 1993 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം തിരുവനന്തപുരം, കൊല്ലം റൂറല്‍ എസ്.പിയായും ഇന്‍റലിജന്‍സ്, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, പൊലീസ് ആസ്ഥാനം, റോഡ് സുരക്ഷാ എന്നിവയുടെ ചുമതലയുള്ള ഐ.ജിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Last Updated : Feb 2, 2021, 9:39 AM IST

ABOUT THE AUTHOR

...view details