തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ രംഗത്തിറങ്ങുന്ന പൊലീസ് സേനയുടെ നിയന്ത്രണം എഡിജിപി വിജയ് സാഖറേ നിർവഹിക്കും. ഫെബ്രുവരി പത്ത് വരെയാണ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ പൊലീസിന് നിർദേശം നൽകിയത്.
കൊവിഡ് നിയന്ത്രിക്കുന്ന പൊലീസ് സേനയുടെ നിയന്ത്രണം വിജയ് സാഖറേയ്‌ക്ക് - Vijay Sakhare is in control of the police force
ഫെബ്രുവരി പത്ത് വരെ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ പൊലീസിന് നിർദേശം നൽകി
ജില്ലാ പൊലീസ് മേധാവിമാർക്കും, ഡിവൈഎസ്‌പിമാർക്കും, എസ്എച്ച്ഒമാർക്കും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ നിർദേശം നൽകിയിരുന്നു. പൊതുസ്ഥലങ്ങളിലെ കൂട്ടംകൂടൽ ഒഴിവാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിയന്ത്രണങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പു വരുത്തും. ആവശ്യമെങ്കിൽ വിവേചനാധികാരം പ്രയോഗിക്കാൻ പൊലീസിന് അനുമതി നൽകി. ആവശ്യമെങ്കിൽ സ്പെഷ്യൽ യൂണിറ്റുകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും ബറ്റാലിയൻ ഉദ്യോഗസ്ഥരുടെയും സേവനം തേടാൻ അനുമതി നൽകി.
ഹൈവേ പട്രോൾ, കൺട്രോൾറൂം വാഹനങ്ങൾ, മറ്റ് പൊലീസ് വാഹനങ്ങൾ എന്നിവയും പരിശോധനയ്ക്ക് രംഗത്തുണ്ടാവും. ഒഴിവാക്കാനാകാത്ത കാരണങ്ങൾക്ക് മാത്രമേ ഇക്കാലയളവിൽ പൊലീസുദ്യോഗസ്ഥർക്ക് അവധി അനുവദിക്കൂകയുള്ളൂ. നിയന്ത്രണങ്ങൾ നടപ്പാക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ സ്വന്തം സുരക്ഷയ്ക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പൊലീസ് മേധാവി നിർദേശിച്ചു.