തിരുവനന്തപുരം:പോക്‌സോ കേസുകളിലെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നതിന്‍റെ നിരക്ക് അഥവാ കണ്‍വിക്ഷന്‍ റേറ്റ് കുറയുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ക്രമസമാധാന വിഭാഗം എഡിജിപി എംആര്‍ അജിത്കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി മനുഷ്യാവകാശ കമ്മിഷന്‍ കേരള ഹൈക്കോടതി രജിസ്ട്രാര്‍ക്കും ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്കും കൈമാറി. പോക്‌സോ കേസുകളിലുള്‍പ്പെട്ട കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമ്മിഷന് ലഭിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കമ്മിഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് എഡിജിപിയോട് റിപ്പോര്‍ട്ട് തേടിയത്.
ADGP Report On Pocso: പോക്‌സോ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്ന സാഹചര്യം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളുമായി എഡിജിപി റിപ്പോര്‍ട്ട് - മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷ ആര്
ADGP Report To Reduce Pocso Case Conviction Rate To Human Rights Commission: റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി മനുഷ്യാവകാശ കമ്മിഷന്‍ കേരള ഹൈക്കോടതി രജിസ്ട്രാര്‍ക്കും ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്കും കൈമാറി

ADGP Report To Human Rights Commission On Pocso Case
Published : Oct 21, 2023, 8:39 PM IST
പോക്‌സോ കേസുകളില്‍ കുറ്റവാളികള്‍ രക്ഷപ്പെടുന്നതിനുള്ള എഡിജിപി കാരണങ്ങളായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് ഇവയാണ്:
- വിചാരണ വേളയില്‍ അതിജീവിതയും സാക്ഷികളും പ്രതിക്ക് അനുകൂലമായി മൊഴി മാറ്റുന്നു.
- അതിജീവിതയും ബന്ധുക്കളും കോടതിക്ക് പുറത്ത് പ്രതിയില്‍ നിന്ന് പണവും ആനുകൂല്യങ്ങളും കൈപ്പറ്റി കേസ് തീര്‍പ്പാക്കുന്നു.
- കേസിന്‍റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കാലതാമസമുണ്ടാകുന്നു.
- പ്രതിക്കെതിരെ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്‌ച സംഭവിക്കുന്നു.
- മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും അന്വേഷണവേളയിലും വിചാരണവേളയിലും മേല്‍നോട്ടത്തില്‍ വീഴ്‌ച സംഭവിക്കുന്നു.
പോക്‌സോ പ്രതികള്‍ ശിക്ഷിക്കപ്പെടാന്‍ എഡിജിപി മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്:
- പ്രതിക്ക് അനുകൂലമായി മൊഴിമാറ്റുന്നത് ഒഴിവാക്കാന്‍ അതിജീവിതയുടെയും പ്രധാന സാക്ഷികളുടെയും 164 സിആര്‍പിസി മൊഴി രേഖപ്പെടുത്തണം.
- കുറ്റകൃത്യം തെളിയിക്കാന്‍ വാക്കാലുള്ള തെളിവുകളെക്കാള്‍ സാഹചര്യ, ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തി കുറ്റകൃത്യം നടന്നുവെന്ന് സ്ഥാപിക്കണം.
- കെമിക്കല്‍ എക്‌സാമിനേഷന്‍ റിസള്‍ട്ട്, സീന്‍പ്ലാന്‍, ജനന സര്‍ട്ടിഫിക്കറ്റ്, വൈദ്യപരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവ കാലതാമസം ഒഴിവാക്കി ശേഖരിച്ച് കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കണം.
- കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥനുമായി തെളിവുകളെക്കുറിച്ച് ചര്‍ച്ച നടത്തി തെളിവുകളുടെ പ്രസക്തിയെക്കുറിച്ച് നിയമോപദേശം വാങ്ങണം.
- പ്രതിമാസ ക്രൈം കോണ്‍ഫറന്‍സില്‍ ജില്ല പൊലീസ് മേധാവിമാര്‍ പോക്‌സോ കേസുകളുടെ അന്വേഷണ പുരോഗതി പരിശോധിക്കണം.
- അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ച തെളിവുകള്‍ പോക്‌സോ കേസുകളുടെ ജില്ല നോഡല്‍ ഓഫിസര്‍ സൂക്ഷ്‌മ പരിശോധന നടത്തണം.
- പോക്‌സോ കോടതിയില്‍ വിചാരണ നടപടികളില്‍ സഹായിക്കാന്‍ കാര്യക്ഷമതയും പോക്‌സോ നിയമത്തില്‍ അറിവുമുള്ള ഒരു വനിത പൊലീസ് ഉദ്യോഗസ്ഥയെ സ്ഥിരം സഹായിയായി നിയോഗിക്കണം.
- അതിജീവിതയുടെ ബന്ധുക്കള്‍ പ്രതിയാകുന്ന കേസില്‍ ഇരയെ സുരക്ഷിതമായി പാര്‍പ്പിക്കണം. അതിജീവിതയെ വിക്‌ടിം ലയ്‌സന്‍ ഓഫിസര്‍ സ്ഥിരമായി സന്ദര്‍ശിക്കണം.
- അതിജീവിതയെ പ്രതി സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ അക്കാര്യം കോടതിയെ അറിയിക്കണം.
- പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമായ വി ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്‍റെ നടപടി.