തിരുവനന്തപുരം: പ്രണയം നിരസിച്ചുവെന്ന പേരിൽ പെൺകുട്ടികളെ ശല്യം ചെയ്‌താൽ കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. സംസ്ഥാനത്ത് പ്രണയാഭ്യാർഥന നിരസിച്ചതിന്‍റെ പേരിൽ പെൺകുട്ടികൾക്കെതിരായ അതിക്രമം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.
മൃദു സമീപനം സ്വീകരിക്കില്ല
ഇത്തരം സംഭവങ്ങൾക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നടപടി പൊലീസ് സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ നിയമ നിർമാണത്തിന് അതിർവരമ്പുകളുണ്ടെന്നതിനാൽ നിലവിലെ നിയമം കർശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
ഇത്തരം കേസുകളിൽ പൊലീസ് മൃദു സമീപനം സ്വീകരിക്കില്ല. അതീവ ഗൗരവമായി കാണേണ്ട വിഷയത്തിൽ പൊലീസ് കൂടുതൽ ജാഗ്രത പാലിക്കും. അതിവിപുലമായ ചതിക്കുഴി ഒരുക്കി ചിലർ പെൺകുട്ടികളെ അതിൽ വീഴ്ത്തുന്നു. സൈബർ ചതിയിൽ പെട്ടുപോയവരെ അതിൽ നിന്ന് രക്ഷപ്പെടുത്തേണ്ടുണ്ട്. വ്യാജ ഐഡി ഉപയോഗിച്ച് പെൺകുട്ടികൾ കബളിപ്പിക്കപ്പെടുന്ന സംഭവങ്ങൾ നിരവധിയാണ്. രക്ഷിതാക്കൾ കുട്ടികളുടെ ഇന്‍റർനെറ്റ് ഉപയോഗം നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ALSO READ:മാനസ വധം : രാഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശി സോനു അറസ്റ്റിൽ
മാനസ വധത്തിൽ പ്രതികരിച്ച മുഖ്യമന്ത്രി, കൊലപാതകിയായ രഖിൽ ബിഹാറിൽ നിന്ന് തോക്ക് വാങ്ങിയത് കണ്ടെത്തിയത് പൊലീസിന്‍റെ മികവാണെന്നും പറഞ്ഞു. തോക്ക് അനധികൃതമായി കൈകാര്യം ചെയ്യുന്ന ഇത്തരം സംഭവങ്ങളെ പൊലീസ് ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.