തിരുവനന്തപുരം:ഹെപ്പറ്റൈറ്റിസ് വിമുക്ത കേരളത്തിനായി ആരോഗ്യ വകുപ്പിന്‍റെ കര്‍മ പദ്ധതി. 2030ഓടെ വൈറല്‍ ഹെപ്പറ്റൈറ്റിസ് സി നിവാരണത്തിനും വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ എന്നിവ മൂലമുളള മരണനിരക്കും രോഗാവസ്ഥയും രോഗാതുരതയും കുറയ്ക്കുന്നതിനുമാണ് ആരോഗ്യ വകുപ്പിന്‍റെ വൈറല്‍ ഹെപ്പറ്റൈറ്റിസ് കര്‍മ പദ്ധതി. വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 27ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും. 14 ജില്ലകളിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ, ജനറല്‍ ആശുപത്രികളും ഉള്‍പ്പെടെ 25 ആശുപത്രികളിലും ഉദ്ഘാടനം നടക്കും.
സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംയോജിത പദ്ധതിയാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടി. കൊവിഡ് സാഹചര്യങ്ങള്‍ക്കിടയിലും സംസ്ഥാനത്തെ വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ പരിപാടിയിലൂടെ ശ്രമിക്കുന്നത്. ദേശീയ ആരോഗ്യ മിഷന്‍റെ സഹകരണത്തോടെ ദേശീയ വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.
സംസ്ഥാനത്ത് 25 ആശുപത്രികളിലാണ് ഹെപ്പറ്റൈറ്റിസ് ബി, സി ചികിത്സ സൗജന്യമായി ലഭ്യമാക്കിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് മാതൃകാ ചികിത്സാ കേന്ദ്രമാണ്. ഗര്‍ഭിണികളില്‍ ഹെപ്പറ്റൈറ്റിസ് ബി, സി പരിശോധന സൗജന്യമായി നടത്തുവാന്‍ എല്ലാ സി.എച്ച്.സികളിലും പ്രസവ സൗകര്യമുള്ള ആശുപത്രികളിലും ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബില്‍ ഹെപ്പറ്റൈറ്റിസ് വൈറല്‍ ലോഡ് ടെസ്റ്റ് സൗജന്യമായി ചെയ്യുന്നുണ്ട്. ജില്ലകളില്‍ നിന്നും സാമ്പിളുകള്‍ പരിശോധനയ്ക്കായി തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിലേക്ക് അയയ്ക്കാവുന്നതാണ്.
2030ഓടു കൂടി വൈറല്‍ ഹെപ്പറ്റൈറ്റിസ് സി മൂലമുള്ള മരണം ഇല്ലാതാക്കുക, രോഗവ്യാപനം തടയുക, രോഗ ബാധിതയായ അമ്മയില്‍ നിന്ന് കുഞ്ഞിലേയ്ക്ക് ഹെപ്പറ്റെറ്റിസ് ബി പകര്‍ച്ച തടഞ്ഞു കൊണ്ട് ഹെപ്പറ്റെറ്റിസ് രഹിത ഭാവി ഉറപ്പു വരുത്തുക, ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ എന്നിവ മൂലമുള്ള രോഗങ്ങള്‍ ഗണ്യമായി കുറയ്ക്കുക, രോഗാതുരതയും, മരണനിരക്കും കുറക്കുക എന്നിവയാണ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയുടെ പ്രതിരോധം, കണ്ടെത്തല്‍, ചികിത്സ, ഫലപ്രാപ്‌തി അവലോകനം ചെയ്യുക തുടങ്ങിയ സമസ്‌ത മേഖലകളെയും ഉള്‍പ്പെടുത്തിക്കൊണ്ടുളള സമഗ്രമായ പരിപാടിയാണിത്.
ഹെപ്പറ്റൈറ്റിസ് ബി, സി ചികിത്സാ കേന്ദ്രങ്ങള്‍
1. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി
2. തിരുവനന്തപുരം ജനറല്‍ ആശുപത്രി
3. കൊല്ലം ജില്ലാ ആശുപത്രി
4. കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രി
5. പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍
6. ആലപ്പുഴ ജനറല്‍ ആശുപത്രി
7. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി
8. കോട്ടയം ജനറല്‍ ആശുപത്രി
9. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി
10. ഇടുക്കി ജില്ലാ ആശുപത്രി, തൊടുപുഴ
11. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി
12. എറണാകുളം ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ
13. എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രി
14. തൃശൂര്‍ ജനറല്‍ ആശുപത്രി
15. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി
16. പാലക്കാട് ജില്ലാ ആശുപത്രി
17. പാലക്കാട് മെഡിക്കല്‍ കോളജ് ആശുപത്രി
18. മലപ്പുറം ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ
19. മലപ്പുറം മെഡിക്കല്‍ കോളജ് ആശുപത്രി
20. വയനാട് ജനറല്‍ ആശുപത്രി, കല്‍പറ്റ
21. കോഴിക്കോട് ജനറല്‍ ആശുപത്രി
22. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി
23. കണ്ണൂര്‍ ജില്ലാ ആശുപത്രി
24. കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി
25. കാസര്‍കോട് ജനറല്‍ ആശുപത്രി