തിരുവനന്തപുരം :അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പിൽ പൊലീസ് ചമഞ്ഞെത്തി പണം കവർന്ന കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതി ഉൾപ്പെടെ രണ്ട് പേർ കീഴടങ്ങി. ഒന്നാം പ്രതി പൂന്തുറ പരുത്തിക്കുഴി സ്വദേശി ഷാനു മാഹീൻ, രണ്ടാം പ്രതി അട്ടക്കുളങ്ങര പാരഡൈസ് കോമ്പൗണ്ടിൽ ഷെമീർ എന്നിവരാണ് ഇന്നലെ നെയ്യാറ്റിൻകര താൽകാലിക കോടതി ഏഴിൽ കീഴടങ്ങിയത്. ഇവരെ കോടതി റിമാൻഡ് ചെയ്‌തു.
കഴിഞ്ഞ മാസം 27 ന് രാത്രി 12 മണിയോടെയാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. വെങ്ങാനൂർ നെല്ലിവിളയിൽ മുപ്പത് അതിഥി താെഴിലാളികൾ താമസിക്കുന്ന ക്യാമ്പിലാണ് ആറംഗ സംഘം തട്ടിപ്പിനായെത്തിയത്. പണം വച്ച് ചീട്ടുകളി നടക്കുന്നു എന്നറിഞ്ഞ് അന്വേഷിക്കാനായി എത്തിയ പൊലീസാണ് എന്നാണ് പ്രതികൾ സ്വയം പരിചയപ്പെടുത്തിയത്.
പിന്നാലെ ഇവർ തൊഴിലാളികളുടെ കയ്യിൽ നിന്ന് ഒരു ലക്ഷത്തോളം രൂപയും കൈക്കലാക്കി. ഇതിനിടെ സംശയം തോന്നിയ ചില തൊഴിലാളികൾ എതിർത്തതോടെ പ്രതികൾ പണവുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഇവരിൽ രണ്ട് പേരെ പൊലീസ് അന്ന് തന്നെ പിടികൂടിയിരുന്നു.
പശ്ചിമ ബംഗാൾ ഗംഗാറാം പൂർ സ്വദേശി നൂറിലം മിയ, ചാലകൊത്തുവാൾ തെരുവിൽ ശ്രീഹരി എന്നിവരെയാണ് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്. തുടർന്ന് സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയായിരുന്നു. ഇതിനിടെയാണ് പ്രതികളായ ഷെമീറും ഷാനുവും കോടതിയിൽ കീഴടങ്ങിയത്.
ചാല, ഉള്ളൂർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലെ ക്യാമ്പുകളിൽ പ്രതികൾ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയെങ്കിലും പിടിക്കപ്പെടുന്നത് ഇത് ആദ്യമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഒരു പ്രതിയെ കൂടി പിടികിട്ടാനുണ്ടെന്നും കീഴടങ്ങിയവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ കാര്യങ്ങൾ വെളിവാകുമെന്നും വിഴിഞ്ഞം പൊലീസ് അറിയിച്ചു.