തിരുവനന്തപുരം:പി.സി ജോർജിന് എതിരെ പീഡന പരാതി നൽകിയത് വ്യക്തമായ തെളിവുകളോടെയെന്ന് സോളാർ തട്ടിപ്പ് കേസിലെ പ്രതിയായ വനിത. പരാതിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമോ, ഗൂഢാലോചനകളോ ഇല്ലെന്നും അവർ വ്യക്തമാക്കി. താൻ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയല്ലെന്നും പി.സി ജോർജ് താനുമായി സംസാരിച്ച ഫോൺ സംഭാഷണ രേഖകൾ മാത്രമല്ല കയ്യിലുള്ളത്, ഗസ്റ്റ് ഹൗസിലെ സംഭാഷണത്തിന്റെ റെക്കോർഡുകളടക്കം തന്റെ പക്കലുണ്ട് എന്നും പരാതിക്കാരി പറഞ്ഞു.
ഇത്തരം തെളിവുകളുടെ എല്ലാം അടിസ്ഥാനത്തിലാണ് പരാതി നൽകിയത്. ഫെബ്രുവരി 10നാണ് പി.സി ജോർജിൽ നിന്നും മോശം അനുഭവമുണ്ടായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗൂഢാലോചന കേസ് അന്വേഷിക്കുന്ന സംഘത്തിന് നൽകിയ രഹസ്യ മൊഴിയിൽ ഇക്കാര്യം പറഞ്ഞിരുന്നു. അഭിഭാഷകന്റെ നിർദേശ പ്രകാരമാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.