തിരുവനന്തപുരം : 90 കിലോ കഞ്ചാവ് കടത്തിയ കേസിലെ നാല് പ്രതികളെ കോടതി രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന ബന്ധമുണ്ടെന്ന് എക്‌സൈസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കഞ്ചാവിന്‍റെ വിപണന ശ്യംഖല കണ്ടെത്താന്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ചാണ് കോടതി ഉത്തരവ്. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ല സെഷന്‍സ് ജഡ്‌ജി കെ. വിഷ്‌ണുവാണ് കേസ് പരിഗണിച്ചത്.
വിപണന ശ്യംഖല കണ്ടെത്താന്‍ പ്രതികളെ കസ്റ്റഡിയില്‍ വേണം ; കഞ്ചാവ് കേസിൽ പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ച് കോടതി
ഈ മാസം ഏഴാം തിയതിയാണ് 90 കിലോ കഞ്ചാവുമായി നാലംഗ സംഘത്തെ എക്‌സൈസ് പിടികൂടിയത്. പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന ബന്ധം സംശയിക്കുന്നതിനാൽ കൂടുതൽ അന്വഷണത്തിനായാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
2023 മേയ് ഏഴിനാണ് കണ്ണേറ്റ് മുക്കില്‍ വച്ച് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ വി ജി സുനില്‍ കുമാർ അടങ്ങിയ സംഘം പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറില്‍ നിന്ന് 90 കിലോ കഞ്ചാവ് പിടികൂടിയത്. ഒഡീഷയില്‍ നിന്ന് വാങ്ങിയ കഞ്ചാവ് പ്രതികള്‍ നഗരത്തില്‍ വിതരണം ചെയ്യുന്നതിനായാണ് കൊണ്ടുവന്നത്. വാഹന പരിശോധനയില്‍ കുടുങ്ങാതിരിക്കാന്‍ കേസിലെ പ്രതിയായ വിഷ്‌ണുവിന്‍റെ ഭാര്യയേയും മകളെയും കാറില്‍ ഒപ്പം കൂട്ടി കുടുംബമെന്ന പ്രതീതി സൃഷ്‌ടിച്ചാണ് സഞ്ചരിച്ചിരുന്നത്.
എക്‌സസൈസിനെ കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതികളെ പിന്തുടര്‍ന്ന് അന്വേഷണ സംഘം പിടികൂടിയത്. പ്രതികള്‍ നഗരത്തില്‍ എത്തിക്കുന്ന കഞ്ചാവ് സ്‌കൂള്‍ കുട്ടികളെ അടക്കം ഉപയോഗിച്ച് വിപണനം നടത്തുന്നുണ്ടോയെന്ന് അന്വേഷണ സംഘം സംശയിക്കുന്നതായി പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ കോടതിയെ അറിയിച്ചു. ബോള്‍ട്ട് അഖില്‍ എന്ന ജഗതി സത്യനഗര്‍ സ്വദേശി അഖില്‍, മാറനല്ലൂര്‍ കരിങ്ങല്‍ വിഷ്‌ണു ഭവനില്‍ ബോലെറൊ വിഷ്‌ണു എന്ന വിഷ്‌ണു, തിരുവല്ലം പുത്തന്‍ വീട്ടില്‍ രതീഷ്, തിരുവല്ലം കരിങ്കടമുകള്‍ ശാസ്‌താഭവനില്‍ രതീഷ് ആര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.