തിരുവനന്തപുരം:പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസുകാരെ കുത്തിയ പ്രതി ചാവർക്കാട് സ്വദേശി കോട്ടയ്ക്കകം വീട്ടിൽ അനസ് ജാൻ (30) അഞ്ച് വർഷമായി പിടികിട്ടാപ്പുള്ളിയെന്ന് പൊലീസ്. വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ ഇയാൾ പ്രതിയാണ്. ചൊവാഴ്‌ചയാണ് പാരിപ്പള്ളി ബാറിൽ ഇയാളെ പിടികൂടാൻ ശ്രമിക്കുമ്പോൾ പൊലീസുകാരെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ചത്.
തുടർന്ന് അതിസാഹസികമായി പൊലീസ് അനസിനെ പിടികൂടുകയായിരുന്നു. വർക്കല, അയിരൂർ, പാരിപ്പളളി കല്ലമ്പലം സ്റ്റേഷനുകളിൽ ഇയാൾ പ്രതിയാണെങ്കിലും പിടിയിലാകുന്നത് ഇതാദ്യമാണ്. 2018ൽ മുത്താന മലച്ചിറ മേഖലയിൽ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തെ തുടർന്നാണ് അനസ് ഒളിവിൽ പോകുന്നത്. മലച്ചിറയിലെ ഒരു ക്ലബിലെ ഒരു പരിപാടിയ്‌ക്കിടെ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ബോംബ് എറിയുകയുമായിരുന്നു. നിരവധി പേർക്ക് പരുക്കേറ്റിരുന്നു.