തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഇന്നുമുതൽ നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന ആക്‌സസ് കൺട്രോൾ സിസ്‌റ്റവും ജീവനക്കാരുടെ പഞ്ചിങ്ങും തമ്മിൽ ബന്ധിപ്പിക്കുന്നത് നീട്ടി സർക്കാർ. ഇന്നുമുതൽ രണ്ടുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനായിരുന്നു നേരത്തെ പൊതുഭരണ സെക്രട്ടറി ഉത്തരവിറക്കിയിരുന്നത്. ഇതിനെ ഭരണ പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകൾ ശക്തമായി എതിർത്തിരുന്നു.
പിന്മാറ്റത്തിന് പിന്നില്‍:ഒരു ഡിപ്പാർട്ട്മെന്‍റിൽ നിന്നും മറ്റൊരു ഇടത്തേക്ക് പോകുമ്പോഴും സെക്രട്ടേറിയറ്റ് അനക്‌സിലേക്ക് ഔദ്യോഗിക ആവശ്യത്തിന് പോകുമ്പോഴും ആക്‌സസ് കൺട്രോളിൽ പുറത്തേക്ക് പോയതായി രേഖപ്പെടുത്തും എന്നതാണ് ജീവനക്കാർ ഉന്നയിച്ച പ്രധാന പ്രശ്‌നം. ഇത് പരിഗണിച്ചാണ് അക്‌സസ് കൺട്രോൾ നടപ്പിലാക്കുന്നത് നീട്ടിവച്ചത്. അതേസമയം നിലവിലെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം തുടരും. ഇത് ആക്‌സ് കൺട്രോളുമായി ബന്ധിപ്പിക്കേണ്ടയെന്ന് പൊതുഭരണവകുപ്പ് ഉത്തരവിറക്കി.
സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ പഞ്ച് ചെയ്‌ത ശേഷം സീറ്റിൽ ഇരുന്ന് ജോലി ചെയ്യാതെ മുങ്ങുന്നതായി സെക്രട്ടറി തലയോഗങ്ങളിലെല്ലാം വിമർശനമുയർന്നിരുന്നു. ഇത് തടയുന്നതിനായാണ് ആക്‌സസ് കൺട്രോൾ സംവിധാനം കൊണ്ടുവന്നത്. ഇതിനായി ഒന്നരക്കോടിയോളം രൂപ ചെലവിൽ അത്യാധുനിക ഉപകരണങ്ങളും സെക്രട്ടേറിയറ്റിലെ എല്ലാ വാതിലുകളിലും സ്ഥാപിച്ചിട്ടുണ്ട്.
എന്താണ് സംവിധാനം:ആക്‌സസ് കൺട്രോൾ ബയോമെട്രിക് പഞ്ചിങ്ങിനു ശേഷം സീറ്റിലിരുന്ന ജീവനക്കാരൻ അരമണിക്കൂറിൽ കൂടുതൽ പുറത്തുപോയാൽ അന്നത്തെ ദിവസം അവധിയായി കണക്കാക്കുന്നതായിരുന്നു പുതിയ സംവിധാനം. രണ്ടുമാസത്തെ പരീക്ഷണത്തിനുശേഷം ശമ്പള സോഫ്റ്റ്‌വെയർ ആയ സ്‌പാർക്കുമായി ഇത് ബന്ധിപ്പിക്കാനായിരുന്നു തീരുമാനം. ജീവനക്കാരുടെ സംഘടനകളുടെ കനത്ത എതിർപ്പിനെ തുടർന്ന് ഈ തീരുമാനത്തിൽ നിന്നാണ് സർക്കാർ പിന്നോട്ട് പോകുന്നത്.