തിരുവനന്തപുരം : സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്‍റെ മരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപകരമായ കുറിപ്പിട്ട പൊലീസുകാരനെതിരെ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രവർത്തകരുടെ പ്രതിഷേധം. പോത്തൻകോട് കൊയ്ത്തൂർക്കോണം സ്വദേശിയും മെഡിക്കൽ കോളജ് എ.എസ്.ഐയുമായ ഉറൂബാണ് കോടിയേരി ബാലകൃഷ്‌ണനെതിരെ വാട്‌സ്ആപ്പിൽ അധിക്ഷേപകരമായ പോസ്റ്റും അടിക്കുറിപ്പും പങ്കുവച്ചത്.
കോടിയേരിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ് : മുല്ലപ്പള്ളിയുടെ മുന്‍ ഗണ്‍മാനെതിരെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം - പൊലീസ് സ്റ്റേഷൻ ഉപരോധം
'ഒരു കൊലപാതകി ചത്തു' എന്ന് വിശേഷിപ്പിച്ചാണ് എ.എസ്.ഐ ഉറൂബ് കോടിയേരി ബാലകൃഷ്‌ണനെതിരെ വാട്‌സ്ആപ്പിൽ അധിക്ഷേപകരമായ പോസ്റ്റ് പങ്കുവച്ചത്
'ഒരു കൊലപാതകി ചത്തു' എന്ന് വിശേഷിപ്പിച്ചായിരുന്നു കുറിപ്പ്. സംഭവത്തിൽ ഉറൂബിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം മെഡിക്കൽ കോളജ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. മുല്ലപ്പള്ളി രാമചന്ദ്രന്‍റെ മുൻ ഗൺമാനാണ് ഇദ്ദേഹം.
സംഭവത്തിൽ ഉറൂബിനെതിരെ സിപിഎം ആനക്കോട് ബ്രാഞ്ച് സെക്രട്ടറി ഡിജിപിക്ക് പരാതി നൽകി. ഉറൂബിനെ സർവീസിൽ നിന്ന് മാറ്റിനിർത്തിക്കൊണ്ട് അന്വേഷണം നടത്തുമെന്നും കർശനമായ നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ ഉറപ്പ് നൽകിയ സാഹചര്യത്തിൽ പ്രവർത്തകർ ഉപരോധം അവസാനിപ്പിച്ചു.