തിരുവനന്തപുരം:ഒരു തോക്ക് പോലും നേരിട്ട് കണ്ടിട്ടില്ല. എങ്കിലും മുറി മുഴുവൻ ആധുനിക തോക്കുകളുടെ മാതൃക കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് വെങ്ങാനൂർ സ്വദേശിയായ അഭിരാം. അതും കേവലം പാഴ്‌വസ്തുക്കൾ കൊണ്ട്.
ഒരു തോക്ക് പോലും നേരിട്ട് കണ്ടിട്ടില്ല, പാഴ്‌വസ്തുക്കൾ കൊണ്ട് തോക്കുകൾ നിർമിച്ച് 18കാരൻ ചെറുപ്പം മുതലേ തോക്കുകളോട് താൽപര്യമുള്ള ഈ 18കാരന് ഭാവിയിൽ സൈന്യത്തിൽ ചേരണമെന്നാണ് ആഗ്രഹം. മാത്രമല്ല, തോക്കുകൾ പൊളിച്ച് റിപ്പയർ ചെയ്യുന്ന ആർമറി വിഭാഗത്തിൽ തന്നെ ജോലി നേടണം. ലോക്ക്‌ഡൗൺ കാലത്തെ വിരസത മാറ്റാൻ വർഷങ്ങളായി മനസിൽ കൊണ്ടുനടന്ന തോക്ക് നിർമാണത്തിലേർപ്പെടുകയായിരുന്നുവെന്ന് അഭിരാം പറയുന്നു.
ഹോളിവുഡ് സിനിമകളിൽ നിന്നുള്ള പ്രചോദനമാണ് തോക്ക് നിർമാണത്തിനോട് താൽപര്യം കൂട്ടിയത്. കാർഡ്‌ബോഡും പൈപ്പുകളും കുപ്പികളുമൊക്കെയാണ് നിർമാണത്തിനായി ഉപയോഗിക്കുന്ന പ്രധാനവസ്തുക്കൾ. അനുജൻ അദ്വൈതാണ് അഭിരാമിന്‍റെ സഹായി. നിർമാണ സമയത്ത് അദ്വൈതിന് മാത്രമാണ് റൂമിൽ പ്രവേശനം. പണി പൂർത്തിയായാൽ മാത്രമേ വീട്ടുകാർക്ക് കാണാൻ അനുവാദമുള്ളൂ എന്ന നിബന്ധനയുമുണ്ട്.
ALSO READ:തണുത്തുറഞ്ഞ തടാകത്തില്‍ കുറുക്കന്‍റെ കൂറ്റന്‍ ചിത്രം- കാണാം വീഡിയോ
എൻപി 5, എം 416, എം 34, എകെ 17 തുടങ്ങി നിരവധി ആധുനിക തോക്കുകളുടെ മാതൃക അഭിരാം ഇതിനോടകം നിർമിച്ചിട്ടുണ്ട്. എന്നാൽ നിർമിച്ചവയിൽ ഒരു തോക്കുപോലും നേരിൽ കണ്ടിട്ടില്ല. ഇവയ്ക്കുപുറമേ ആധുനിക പടച്ചട്ടയും ഗ്രനേഡും വയർലസ് സെറ്റുമെല്ലാം അഭിരാമിന്‍റെ നിർമാണശേഖരത്തിലുണ്ട്. പഴയ ഡിഷ് ആന്‍റിന ഉപയോഗിച്ച് ക്യാപ്റ്റൻ അമേരിക്കൻ ഷീൽഡും റിമോർട്ട് ഉപയോഗിച്ച് പറപ്പിക്കാവുന്ന ഡ്രോണുകളും ഈ കൊച്ചുമിടുക്കൻ നിർമിക്കാറുണ്ട്.
വെങ്ങാനൂർ ഗൗരി നന്ദനത്തിൽ അജികുമാറിന്‍റെയും പ്രവീണയുടെയും മകനായ അഭിറാം വട്ടിയൂർക്കാവ് പോളിടെക്നികിലെ ഒന്നാം വർഷ ഇലക്ട്രോണിക്സ് വിദ്യാർഥിയാണ്. സൈന്യത്തിൽ നിന്ന് വിരമിച്ച അപ്പൂപ്പന്‍റെയും വല്ല്യച്ഛന്‍റെയും, ഇപ്പോൾ സൈന്യത്തിൽ ഡ്രൈവറായ മാമന്‍റെയും പാത പിൻതുടർന്നുകൊണ്ട് തന്‍റെ ലക്ഷ്യം പൂർത്തീകരിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അഭിരാം.