തിരുവനന്തപുരം:28 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ സിസ്റ്റർ അഭയ കേസില്‍ വിധി പറഞ്ഞ ചൊവ്വാഴ്ച കോടതി വളപ്പില്‍ നടന്നത് നാടകീയ രംഗങ്ങള്‍. കൊലക്കേസിലെ പ്രതികളായ സിസ്റ്റർ സെഫിയും ഫാ. തോമസ് കോട്ടൂരും ബന്ധുക്കള്‍ക്കും അഭിഭാഷകർക്കുമൊപ്പം 10.20 ന് കോടതി വളപ്പിലെത്തി. കൊവിഡ് പശ്‌ചാത്തലത്തിൽ ശാരീരിക അകലം പാലിച്ചാണ് കോടതി മുറി ഒരുക്കിയിരുന്നത്.
10.42 ന് സിബിഐ പ്രോസിക്യൂട്ടർ കോടതിയിൽ പ്രവേശിച്ചതിനു തൊട്ടുപിന്നാലെ പ്രതിഭാഗം അഭിഭാഷകരുമെത്തി. 10.50 ഓടെ തോമസ് കോട്ടൂരും സെഫിയും കോടതിക്കു പുറത്തെ വരാന്തയിൽ ഇരുന്നു. കോടതി നടപടികൾ ആരംഭിക്കുന്നതിനു മുൻപ് ആദ്യം തോമസ് കോട്ടൂർ കോടതി മുറിയിലേക്കു കയറി, തൊട്ടു പിന്നാലെ സെഫിയും. പതിവു പോലെ 11 മണിക്ക് കോടതി വളപ്പിലെ മണി മുഴങ്ങി ഇതോടെ ജഡ്ജി സനൽകുമാർ കോടതിയിലെത്തി നടപടികൾ ആരംഭിച്ചു.