കേരളം

kerala

ETV Bharat / state

ആശ്വാസമില്ല; കരുണകാത്ത് കിടപ്പു രോഗികളെ പരിചരിക്കുന്നവര്‍, ആശ്വാസകിരണം പദ്ധതി നിലച്ചിട്ട് മാസങ്ങള്‍ - kerala helth department

Aashwasa kiranam project: സാമൂഹ്യ സുരക്ഷ മിഷനില്‍ ആശ്വാസ കിരണം പദ്ധതിയില്‍ നിന്നുള്ള ആശ്വാസം കാത്തിരിക്കുന്നത് 65000 ത്തിലധികം അപേക്ഷകർ

Ashwasa kiranam Project  ആശ്വാസകിരണം പദ്ധതി  kerala helth department  സർക്കാർ ആരോഗ്യ വകുപ്പ്
Ashwasa kiranam project

By ETV Bharat Kerala Team

Published : Jan 5, 2024, 9:36 PM IST

തിരുവനന്തപുരം: സര്‍ക്കാരിന്‍റെയും ധനവകുപ്പിന്‍റെയും കരുണ കാത്ത് കഴിയുകയാണ് കിടപ്പ് രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള ആശ്വാസകിരണം പദ്ധതിയുടെ ഗുണഭോക്താക്കള്‍ (Aashwasa kiranam project). കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തിന് ശേഷം ഇതു വരെയും പദ്ധതിക്ക് സര്‍ക്കാര്‍ പണം അനുവദിച്ചിട്ടില്ല. ദിവസേന ലഭിക്കുന്ന അപേക്ഷകള്‍ക്ക് എന്ത് മറുപടി നല്‍കണമെന്ന് അറിയാതെ കുഴയുകയാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള സാമൂഹ്യ സുരക്ഷ മിഷന്‍ ഉദ്യോഗസ്ഥര്‍.

മാസം 600 രൂപയാണ് പദ്ധതിയില്‍ നിന്നും ഗുണഭോക്താകള്‍ക്ക് ലഭിക്കേണ്ടത്. സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിടുന്ന പല കുടുംബങ്ങള്‍ക്കും കൈത്താങ്ങായ പദ്ധതിയിലേക്ക് 2018 ന് ശേഷം അപേക്ഷകള്‍ സ്വീകരിക്കുന്നിലെന്നും വീല്‍ ചെയര്‍ അസോസിയേഷന്‍ (Wheel Chair Association) ഭാരവാഹി രാജേഷ് അരോപിക്കുന്നുണ്ട്.

65,000 ത്തിലധികം അപേക്ഷകരാണ് സാമൂഹ്യ സുരക്ഷ മിഷനില്‍ ആശ്വാസ കിരണം പദ്ധതിയില്‍ നിന്നുള്ള ആശ്വാസം കാത്തിരിക്കുന്നത്. 2023 ഓഗസ്റ്റില്‍ ഓണം കണക്കിലെടുത്ത് സര്‍ക്കാര്‍ അനുവദിച്ച 15 കോടി രൂപയിലാണ് അവസാനമായി ഗുണഭോക്താക്കള്‍ക്കുള്ള പണം നല്‍കിയത്. രേഖകള്‍ കൃത്യമായി ഹാജരാക്കാത്തത് കൊണ്ട് പല അപേക്ഷകളും സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് സാമൂഹ്യ സുരക്ഷ മിഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലം കണക്കിലെടുത്ത് ഗുണഭോക്താക്കളുടെ പട്ടിക പരിഷ്‌കരിക്കാനുള്ള നീക്കവുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. 2010 ല്‍ ആരംഭിച്ച പദ്ധതിയില്‍ ഗുരുതര രോഗമുള്ള കിടപ്പ് രോഗികളെ മാത്രമേ പരിഗണിച്ചിരുന്നുള്ളു. പിന്നീട് 2012 ല്‍ എല്ലാ കിടപ്പ് രോഗികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. അപേക്ഷകരുടെ എണ്ണം ഇതോടെ വലിയ രീതിയില്‍ ഉയര്‍ന്നുവെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പട്ടിക പരിഷ്‌കരിക്കാനുള്ള നീക്കം. എന്നാല്‍ ഔദ്യോഗികമായി ഈ ആവശ്യം വകുപ്പ് ഉയര്‍ത്തിയിട്ടില്ല.

95,000 ഓളം പേര്‍ നിലവില്‍ ആശ്വാസ കിരണം പദ്ധതിയുടെ ഗുണഭോക്താക്കളാണ്. പദ്ധതിയില്‍ അപേക്ഷിക്കാന്‍ അപേക്ഷയോടൊപ്പം ലൈഫ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് വിവരങ്ങള്‍, ആധാര്‍ കാര്‍ഡ് എന്നിവ സാമൂഹ്യ സുരക്ഷ മിഷനില്‍ അപേക്ഷിക്കണം. തുക 1200 രൂപയായി ഉയര്‍ത്താനും ഇടയ്ക്ക് ആലോചനയുണ്ടായിരുന്നു. എന്നാല്‍ നിലവിലെ തുക തന്നെ മാസങ്ങളായി മുടങ്ങിയ സാഹചര്യത്തില്‍ തുടര്‍ നീക്കങ്ങള്‍ തത്കാലത്തേക്ക് അവസാനിപ്പിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details