തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ്റെ ലേഖനം സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ. ജനാധിപത്യപരമായ സംഘടന തെരഞ്ഞെടുപ്പ് കോൺഗ്രസിലില്ലെന്നും കോൺഗ്രസ് വിട്ടുവരുന്നവരെ സിപിഎം സ്വീകരിക്കുമെന്നും എ.വിജയരാഘവൻ ലേഖനത്തിൽ വ്യക്തമാക്കുന്നു.
എൽഡിഎഫിന് തുടർഭരണം ലഭിച്ചാൽ യുഡിഎഫിൻ്റെ തകർച്ചയുടെ വേഗത വർധിക്കുമെന്ന സിപിഎമ്മിൻ്റെ വിലയിരുത്തൽ ശരിയായിരുന്നുവെന്നാണ് ഡിസിസി പുനഃസംഘടനയെ തുടർന്ന് കോൺഗ്രസിലുണ്ടായ പൊട്ടിത്തെറി വ്യക്തമാക്കുന്നതെന്ന് ലേഖനം വിശദീകരിക്കുന്നു.
'കോൺഗ്രസ് വിട്ടുവരുന്നവരെ സ്വാഗതം ചെയ്യുന്നു'
നെഹ്റുവിനു ശേഷം ഇന്ദിര ഗാന്ധിയുടെ കാലത്ത് കോൺഗ്രസിലെ ജനാധിപത്യ പ്രക്രിയ അവസാനിച്ചു. ഈ പാർട്ടിയെ എന്തുകൊണ്ടാണ് ബൂർഷ്വാ മാധ്യമങ്ങൾ ജനാധിപത്യ കക്ഷിയെന്ന് വിളിക്കുന്നതെന്ന് ചിന്തിക്കേണ്ടതാണ്. ജനാധിപത്യരഹിതമായ പ്രവർത്തനശൈലിയും മൃദുഹിന്ദുത്വ സമീപനവും സാമ്പത്തിക ഉദാരവത്കരണത്തിൽ ബിജെപിയുമായുള്ള മത്സരവുമൊക്കെയാണ് വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിൽ നിന്ന് ആളുകൾ കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നതിന് കാരണമെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.