വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന്‍റെ കഥയാണ് ശബരിമലക്കുള്ളത്. 2018 സെപ്‌റ്റംബര്‍ 28ലെ വിധിക്ക് ശേഷം വലിയ സംഘര്‍ഷങ്ങളും വിവാദങ്ങളുമായിരുന്നു ശബരിമലയെ ചൊല്ലിയുണ്ടായത്. നിരവധി പുനഃപരിശോധനാ ഹര്‍ജികളാണ് വിധിയെത്തുടര്‍ന്ന് കോടതിയിലെത്തിയത്. ഒടുവില്‍ 2019 നവംബര്‍ 14ന് സുപ്രീംകോടതി കേസ് പരിഗണിച്ചപ്പോള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് ഉത്തരവായി.
വിവാദ വിധിയുടെ നാള്‍വഴികളിലൂടെ
1951മെയ്18: 10നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരി മലയില്‍ പ്രവേശിക്കരുതെന്ന് ഓദ്യോഗിക ഉത്തരവാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് .
1965: വിലക്ക് കേരള പൊതു ഹിന്ദു ആരാധനാലയ പ്രവേശനാധികാരച്ചട്ടത്തിലെ മൂന്ന് (ബി) പ്രകാരം നിയമപരമാക്കി.
1969: ദേവപ്രശ്‌നത്തില്‍ ഭഗവാന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് തെളിഞ്ഞതിനാല്‍ യുവതീപ്രവേശം വിലക്കി ദേവസ്വം ബോര്‍ഡ്.
1972നവംബര്‍12: യുവതീപ്രവേശം അരുതെന്ന് ബോര്‍ഡ് മാധ്യമങ്ങളിലൂടെ പ്രസ്‌താവന നല്‍കി.
1986മാര്‍ച്ച്8: സന്നിധാനത്ത് സിനിമാ ചിത്രീകരണം നടന്നതില്‍ യുവനടിമാര്‍ നൃത്തം ചെയ്‌തതടക്കമുള്ള വിഷയങ്ങള്‍ റാന്നി കോടതിയില്‍ കേസായി. അനുമതി നല്‍കിയവര്‍ക്ക് ശിക്ഷ.
1991ഏപ്രില്‍5: 10 മുതൽ 50 വയസുവരെ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച് ഹൈക്കോടതി ഉത്തരവ്.
1993: ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന ചന്ദ്രികയുടെ പേരക്കുട്ടിക്ക് സന്നിധാനത്ത് ചോറൂണ് നടത്തി. ചടങ്ങില്‍ യുവതികള്‍ പങ്കെടുത്തത് ചിത്രം സഹിതം പുറത്തുവന്നതോടെ വിവാദം.
2006ജൂണ്‍26: ശബരിമലയില്‍ ദേവപ്രശ്‌നം. വിഗ്രഹത്തില്‍ സ്‌ത്രീ സ്പര്‍ശം ഉണ്ടായെന്ന് വെളിപ്പെടുത്തല്‍. താനാണ് സ്പര്‍ശിച്ചതെന്ന് നടി ജയമാല.
അതേവര്‍ഷം തന്നെ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചു.
2007നവംബര്‍13: യുവതിപ്രവേശം അനുവദിക്കാം എന്ന് കാട്ടി സത്യവാങ്മൂലം നല്‍കി വി.എസ് സര്‍ക്കാര്‍ .