കേരളം

kerala

ETV Bharat / state

സംരക്ഷണം നല്‍കുന്നത് ഇരട്ടത്താപ്പ്, എ രാജയെ അയോഗ്യനാക്കി ഉടന്‍ വിജ്ഞാപനമിറക്കണം : കെ സുധാകരന്‍ - മീഡിയ വണ്‍

കേരളത്തില്‍ ഇതിനുമുമ്പ് സ്‌റ്റേയുടെ കാലാവധി തീര്‍ന്ന ഉടനെ അംഗത്വം റദ്ദാക്കി നിയമസഭ സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിച്ചതാണ് ഇടതുപക്ഷ സര്‍ക്കാരുകളുടെ കീഴ്വഴക്കമെന്ന് കെ സുധാകരന്‍

a raja to be disqualified immediately  a raja  k sudhakarn reaction  kpcc president  congress  cpim  devikulam mla  എ രാജ  എ രാജയെ അയോഗ്യനാക്കി  കെ സുധാകരന്‍  സ്‌റ്റേയുടെ കാലാവധി  കോണ്‍ഗ്രസ്  സിപിഎം  മീഡിയ വണ്‍  വിലക്ക്
'സംരക്ഷണം നല്‍കുന്നത് ഇരട്ടത്താപ്പ്, എ രാജയെ അയോഗ്യനാക്കി ഉടന്‍ വിജ്ഞാപനമിറക്കണം'; കെ സുധാകരന്‍

By

Published : Apr 5, 2023, 7:13 PM IST

തിരുവനന്തപുരം :ദേവികുളം എംഎല്‍എ എ.രാജയുടെ തെരഞ്ഞെടുപ്പ് സ്‌റ്റേയുടെ സമയപരിധി ഹൈക്കോടതി നീട്ടിക്കൊടുക്കാതിരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ നിയമസഭാംഗത്വം റദ്ദുചെയ്‌ത് ഉടനടി വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി. കേരളത്തില്‍ ഇതിനുമുമ്പ് സ്‌റ്റേയുടെ കാലാവധി തീര്‍ന്ന ഉടനെ അംഗത്വം റദ്ദാക്കി നിയമസഭ സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിച്ചതാണ് ഇടതുപക്ഷ സര്‍ക്കാരുകളുടെ കീഴ്വഴക്കം. എന്നാല്‍, സ്വന്തം മുന്നണിയിലെ ദേവികുളം എംഎല്‍എയ്ക്ക് ഈ കീഴ്വഴക്കം മറന്ന് സംരക്ഷണം നല്‍കുന്നത് ഇരട്ടത്താപ്പാണെന്ന് കെ സുധാകരന്‍ പറഞ്ഞു.

മാര്‍ച്ച് 20നാണ് ദേവികുളം എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. അദ്ദേഹത്തിന് അനുവദിച്ച 10 ദിവസത്തെ സ്‌റ്റേയുടെ കാലാവധി മാര്‍ച്ച് 31ന് തീരുകയും കാലാവധി നീട്ടാന്‍ ഹൈക്കോടതി വിസമ്മതിക്കുകയും ചെയ്‌തു. ഇതോടെ രാജയുടെ നിയമസഭാംഗത്വം ഇല്ലാതായി.

സുപ്രീംകോടതി കേസ് പരിഗണനയ്ക്ക് എടുത്തിട്ടുമില്ല. സ്‌റ്റേ തീരുന്നതിന്‍റെ തൊട്ടടുത്ത ദിവസം തന്നെ അംഗത്വം റദ്ദാക്കുന്നതാണ് ഇടതുസര്‍ക്കാരുകളുടെ കീഴ്വഴക്കം. 1997ല്‍ തമ്പാനൂര്‍ രവിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവായി പ്രഖ്യാപിക്കുകയും 1997 നവംബര്‍ 10ന് സ്‌റ്റേയുടെ സമയപരിധി തീര്‍ന്നതിന്‍റെ പിറ്റേ ദിവസം അദ്ദേഹത്തിന്‍റെ നിയമസഭാംഗത്വം റദ്ദു ചെയ്‌ത് നിയമസഭ സെക്രട്ടറി വിജ്ഞാപനം ഇറക്കുകയും ചെയ്‌തു.

കെ എം ഷാജിയുടെ നിയമസഭാംഗത്വം 2018 നവംബര്‍ 9ന് ഹൈക്കോടതി അസാധുവായി പ്രഖ്യാപിക്കുകയും 2018 നവംബര്‍ 23 വരെ സ്‌റ്റേ നല്‍കുകയും ചെയ്‌തിരുന്നു. സ്‌റ്റേ നീട്ടാതിരുന്ന സാഹചര്യത്തില്‍ അടുത്ത ദിവസം നവംബര്‍ 24ന് അദ്ദേഹത്തിന്‍റെ നിയമസഭാംഗത്വം റദ്ദാക്കി നിയമസഭ സെക്രട്ടറി വിജ്ഞാപനമിറക്കി. രണ്ടും ഇടതുസര്‍ക്കാരുകളുടെ കാലത്തെ സംഭവങ്ങളാണ്.

വ്യാജരേഖകള്‍ ഹാജരാക്കി ദേവികുളത്ത് മത്സരിച്ച കുറ്റത്തിന് എ രാജയ്‌ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി ക്രിമിനല്‍ കേസെടുക്കാന്‍ ഡിജിപിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാരിനെ ഭയന്ന് നീതി നിര്‍വഹിക്കപ്പെടുന്നില്ല. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുക, രേഖകളില്‍ കൃത്രിമം കാട്ടുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ സിപിഎമ്മുകാര്‍ ചെയ്‌താല്‍ അത് കാണാന്‍ ഇവിടെ സര്‍ക്കാരോ, പൊലീസോ മറ്റ് സംവിധാനങ്ങളോ ഇല്ലെന്നും നിയമവാഴ്‌ചയുടെ സമ്പൂര്‍ണ തകര്‍ച്ചയാണിതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

മീഡിയ വണ്ണിനുള്ള വിലക്ക് നീക്കിയതില്‍ സുധാകരന്‍ : ഏകാധിപത്യ ശൈലിയിലേക്ക് നീങ്ങുന്ന രാജ്യത്ത് ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന വിധിയാണ് മീഡിയവണ്‍ കേസില്‍ സുപ്രീംകോടതിയുടേതെന്ന് കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. എതിര്‍ ശബ്‌ദങ്ങളെ നിശബ്‌ദമാക്കുന്നവര്‍ക്കുള്ള കനത്ത താക്കീതാണിത്. സ്‌തുതി പാടല്‍ അല്ല, എതിരഭിപ്രായം ഉറക്കെ വിളിച്ചുപറയലാണ് മാധ്യമ പ്രവര്‍ത്തനമെന്ന് വിധി അരക്കിട്ട് ഉറപ്പിക്കുന്നു.

രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാട്ടം നടത്തുന്ന എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് പരമോന്നത നീതി പീഠത്തിന്‍റെ ചരിത്ര വിധിയെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. മീഡിയ വണ്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. നാലാഴ്‌ചയ്‌ക്കകം ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.

ABOUT THE AUTHOR

...view details