തിരുവനന്തപുരം:ബഫർ സോൺ വിഷയത്തിൽ സുപ്രീംകോടതി എടുത്ത നിലപാട് ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ബഫർ സോൺ ഉൾപ്പെട്ട സ്ഥലങ്ങൾ ജനവാസമേഖലയിൽ ഉൾപ്പെട്ടതാണോ അല്ലയോ എന്ന വസ്‌തുത കോടതിയെ ധരിപ്പിക്കേണ്ടതുണ്ടെന്നും അതിനുവേണ്ടിയുള്ള ഫീൽഡ് സർവേ തുടരുകയാണെന്നും മന്ത്രി പറഞ്ഞു. ബഫർസോൺ സംബന്ധിച്ച കരട് വിജ്ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന സുപ്രീംകോടതി വിധിയെക്കുറിച്ച് പ്രതികരിക്കവെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ന് വൈകുന്നേരം ജസ്റ്റിസ്, തോട്ടത്തിൽ രാധാകൃഷ്‌ണൻ അധ്യക്ഷനായ സമിതി യോഗം ചേരുന്നുണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു. കഴിയുന്നത്ര വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിവരങ്ങൾ കേന്ദ്രത്തെ ബോധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ബഫർ സോൺ വിഷയം കേരളത്തിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കി എന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് സുപ്രീംകോടതിയുടെ നിലപാട്. കേരളത്തിന്‍റെയും കേന്ദ്രത്തിന്‍റെയും കർഷക സംഘടനകളുടെയും ഹർജി തിങ്കളാഴ്‌ച ഒരുമിച്ച് പരിഗണിക്കും എന്നും കോടതി അറിയിച്ചു.