തിരുവനന്തപുരം:വിജിലൻസ് അന്വേഷണം നടക്കുന്നതുകൊണ്ടാണ് എഐ കാമറ പദ്ധതിയിലെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയാത്തതെന്ന് സിപിഎം നേതാവ് എകെ ബാലൻ. മുഖ്യമന്ത്രി ആരോപണങ്ങളില്‍ മൗനം പാലിക്കുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനത്തിന് മറുപടി പറയുകായായിരുന്നു എ കെ ബാലന്‍. വിജിലന്‍സ് അന്വേഷിക്കുമ്പോള്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എങ്ങനെ അഭിപ്രായം പറഞ്ഞു എന്നാവും പ്രതികരിച്ചാല്‍ പ്രതിപക്ഷം പറയുക.
പ്രതികരിച്ചില്ലെങ്കിൽ ഒളിച്ചുകളി എന്ന് പറയും. നിയമപരമായി അഭിപ്രായം പറയാൻ കഴിയുന്ന കാര്യങ്ങളിൽ മുഖ്യമന്ത്രി അഭിപ്രായം പറയുക തന്നെ ചെയ്യും. അടിസ്ഥാനം ഇല്ലാത്ത ആരോപണങ്ങളിൽ മൗനം പാലിക്കും. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ പ്രതിപക്ഷം പലപ്പോഴായി പല ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്.
ആരോപണങ്ങൾ പുതിയ കാര്യമല്ല: എന്നാൽ ഇവയൊന്നും ഒരുകാലത്തും തെളിയിക്കപ്പെട്ടിട്ടില്ല. ലാവലിൻ കേസ് ഉയർത്തിയായിരുന്നു ഒരു സമയത്തെ വേട്ടയാടൽ. എന്നാൽ അതിൽ ഒന്നുമില്ലെന്ന് തെളിഞ്ഞിട്ടും ഇപ്പോഴും വേട്ടയാടൽ തുടരുകയാണ്. കമല ഇന്‍റർനാഷണൽ, വലിയ വീട് തുടങ്ങിയ ആരോപണങ്ങൾ പിണറായിക്കെതിരെ പലതവണ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
പറയേണ്ട കാര്യങ്ങളിൽ മറുപടി പറയും: മുഖ്യമന്ത്രിയുടെ മകളുടെ കല്യാണ ചിത്രത്തിൽ സ്വപ്‌ന സുരേഷിന്‍റെ ചിത്രം മോർഫ് ചെയ്‌തു വരെ പ്രചരിപ്പിച്ചു. ഇത്തരം കാര്യങ്ങളിൽ ഒന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. അത് ആവശ്യമില്ലാത്തതിനാൽ ആണ് മറുപടി പറയാത്തത്. നിയമപരമായി മറുപടി പറയേണ്ട കാര്യങ്ങൾ മുഖ്യമന്ത്രി പറയും. എല്ലാറ്റിനും മറുപടി പറയണം എന്നാവശ്യപ്പെട്ടാല്‍ മനസില്ലെന്ന് പറയേണ്ടി വരും.
ഓരോ ദിവസവും വരുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയണമെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അതിന് പ്രത്യേക സംവിധാനം തന്നെ വേണ്ടി വരും. പദ്ധതികളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നത് സ്വാഭാവികമാണ്. അതില്‍ വിവാദം കാണേണ്ട കാര്യമില്ലെന്നും ബാലന്‍ പറഞ്ഞു.