തിരുവനന്തപുരം : സോളാർ പീഡനക്കേസ് മാര്‍ക്‌സിസ്റ്റ് പാർട്ടിയുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് മുൻ പ്രതിരോധമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ ആന്‍റണി. സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും എ.പി അബ്‌ദുള്ളക്കുട്ടിക്കും ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എ.കെ ആന്‍റണി.
'സോളാര്‍ പീഡനക്കേസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഗൂഢാലോചന' ; ഉമ്മന്‍ ചാണ്ടി പത്തരമാറ്റുള്ള രാഷ്‌ട്രീയക്കാരനെന്ന് എകെ ആന്‍റണി - എംഎം ഹസന്‍
സോളാര്‍ പീഡന പരാതിയില്‍ കുറ്റാരോപിതരായ ഉമ്മൻചാണ്ടിയോടും കോൺഗ്രസ് നേതാക്കളോടും മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് എ.കെ ആന്‍റണി.ക്ലീൻ ചിറ്റിലൂടെ അഗ്നിശുദ്ധി വരുത്തിയ പത്തരമാറ്റുള്ള രാഷ്ട്രീയ പ്രവർത്തകനാണെന്ന് തെളിയിച്ചിരിക്കുകയാണ് ഉമ്മന്‍ ചാണ്ടിയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

കേസില്‍ നേതാക്കള്‍ക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിൽ യാതൊരു അതിശയവുമില്ല. സോളാർ കേസിന്‍റെ തുടക്കത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രിയായിരിക്കെ താന്‍ എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ച് മാധ്യമ പ്രവർത്തകരോട് ഇത് കെട്ടുകഥയാണെന്ന് പറഞ്ഞിരുന്നു. താൻ പറഞ്ഞത് ഇന്ന് സത്യമാണെന്ന് തെളിഞ്ഞിരിക്കുന്നു. ക്ലീൻ ചിറ്റിലൂടെ ഉമ്മൻചാണ്ടി അഗ്നിശുദ്ധി വരുത്തി പത്തരമാറ്റുള്ള രാഷ്ട്രീയ പ്രവർത്തകനാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും എ.കെ ആന്‍റണി പറഞ്ഞു.
സിബിഐ ക്ലീൻ ചിറ്റ് നൽകിയ സാഹചര്യത്തിൽ ഉമ്മൻചാണ്ടിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ മാര്‍ക്‌സിസ്റ്റ് പാർട്ടി നടത്തിയ മുഴുവന്‍ ദ്രോഹങ്ങൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ ആവശ്യപ്പെട്ടു. കെപിസിസിയിൽ നടന്ന കോൺഗ്രസിന്‍റെ 138ാം സ്ഥാപക ദിനാഘോഷ പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.