എ ഐ ക്യാമറ; ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കാന്‍ സര്‍ക്കാര്‍, സത്യാഗ്രഹം നടത്തുമെന്ന് പ്രതിപക്ഷം തിരുവനന്തപുരം: സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്താകെ സ്ഥാപിച്ച 726 എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) കാമറകളിലൂടെ ഏഴ് ഗതാഗത നിയമ ലംഘനങ്ങളാണ് കണ്ടെത്തുന്നത്. ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്യൽ - പിഴ 500, ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്യൽ - പിഴ 500, ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേരുടെ യാത്ര - പിഴ 1000, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് - പിഴ 2000, നാലുചക്ര വാഹനങ്ങളിൽ സീറ്റ് ബെൽറ്റില്ലാതെ യാത്രചെയ്യുന്നത് - പിഴ 500, അമിതവേഗം - പിഴ 1500, അനധികൃത പാർക്കിങ്ങിന് 250 രൂപയുമാണ് പിഴ. എന്നാൽ, പിഴ ഈടാക്കുന്നതിന് മുൻപ് ബോധവത്ക്കരണം നടത്തിയിട്ടില്ലെന്ന പരാതിയാണ് യാത്രക്കാർ ആവർത്തിച്ച് ഉന്നയിക്കുന്നത്.
കുട്ടികളെ ഇരുചക്രവാഹനത്തില്‍ കയറ്റുന്നതിന് താല്‍കാലിക ഇളവ്: ഇരുചക്ര വാഹനങ്ങളിൽ മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന 12 വയസിൽ താഴെയുള്ള കുട്ടിക്ക് പിഴ ഈടാക്കാൻ സർക്കാർ തുടക്കത്തിൽ എടുത്ത തീരുമാനം കടുത്ത അതൃപ്‌തിയാണ് പൊതുജനങ്ങൾക്കിടയിൽ ഉണ്ടാക്കിയത്. പൊതുജന താത്പര്യ പ്രകാരം പിഴ ഈടാക്കുന്നതിന് താത്കാലിക ഇളവ് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ മോട്ടോർ വാഹന നിയമ ഭേദഗതി ആവശ്യപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു കേന്ദ്രത്തിന് കത്തയക്കുകയും ചെയ്‌തു.
കേന്ദ്ര തീരുമാനം വന്നതിന് ശേഷം മാത്രമേ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്‌താൽ പിഴ ഈടക്കുകയുള്ളു. 232.25 കോടി രൂപ ചെലവിൽ സ്ഥാപിച്ച 726 എ ഐ കാമറകളിലും വാഹനം ഓടിക്കുന്ന ആളുടെ മുഖവും നമ്പർ പ്ലേറ്റും വ്യക്തമായി കാണുന്നതിനും രണ്ട് ഫ്ലാഷ് ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ പൊതുനിരത്തിൽ ആഢംബര ബൈക്കുകളിൽ ചീറിപ്പായുന്ന ഫ്രീക്കന്മാർ ഇനിയൊന്ന് കരുതിയിരിക്കണം.
നിലവിൽ എ ഐ കാമറകൾ വഴി പ്രതിദിനം രണ്ടര ലക്ഷത്തോളം നിയമലംഘനങ്ങളാണ് കണ്ടെത്തുന്നതെന്നാണ് അധികൃതർ പറയുന്നത്. ഏപ്രിൽ 20ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവഹിച്ച പദ്ധതിയിൽ പിഴ ഈടാക്കുന്നത് മെയ് 20ലേക്ക് മാറ്റുകയായിരുന്നു. പദ്ധതി ചെലവ് സംബന്ധിച്ച അഴിമതി ആരോപണങ്ങൾ രൂക്ഷമായതോടെയാണ് ജൂൺ അഞ്ച് മുതൽ പിഴ ഈടാക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു നിർദേശം നൽകിയത്.
ജൂണ്‍ അഞ്ച് മുതല്‍ പിഴ:അതേസമയം എ ഐ കാമറ വഴി പിഴ ഈടാക്കുന്ന ജൂൺ അഞ്ചിന് എല്ലാ എ ഐ കാമറകളുടെ മുന്നിലും സത്യഗ്രഹം നടത്തുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. ട്രാഫിക് നിയമലംഘനങ്ങൾ ഗണ്യമായി കുറഞ്ഞു എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, കാമറ പദ്ധതിയെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് പൊതുജനങ്ങൾക്ക് പങ്കുവയ്ക്കാനുള്ളത്. എന്നാല്‍, പദ്ധതിയുടെ ഉദ്‌ഘാടനം മുതല്‍ തന്നെ വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്.