തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ മദ്യ നയത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നേരത്തെ അടച്ചുപൂട്ടിയ 68 ഔട്ട്‌ലെറ്റുകള്‍ കൂടി ഉടന്‍ തുറക്കാന്‍ ബെവ്‌കോ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് അടുത്തയാഴ്‌ച ആദ്യം പുറത്തിറങ്ങും. ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ 500 മീറ്റര്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ സുപ്രീംകോടതി തീരുമാനിച്ചതോടെയാണ് മദ്യഷോപ്പുകള്‍ മിക്കതും ബെവ്റേജസിന് അടച്ചുപൂട്ടേണ്ടി വന്നത്.
സംസ്ഥാനത്ത് 68 ഔട്ട്‌ലെറ്റുകള്‍ കൂടി തുറക്കാനൊരുങ്ങി ബെവ്‌കോ - സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ മദ്യ നയം
170 പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് ബെവ്‌കോ സര്‍ക്കാരിനോടാവശ്യപ്പെട്ടെങ്കിലും 68 എണ്ണത്തിനാണ് ഇപ്പോള്‍ അനുമതി
ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ ക്യൂ അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 170 പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് ബെവ്‌കോ സര്‍ക്കാരിനോടാവശ്യപ്പെട്ടെങ്കിലും 68 എണ്ണത്തിനാണ് ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ളത്. 68ല്‍ മിക്കതും പ്രീമിയം ഷോപ്പുകളായി തുറക്കാനാണ് തീരുമാനം.
തിരുവനന്തപുരം - 5, കൊല്ലം-6, പത്തനംതിട്ട-1, ആലപ്പുഴ-4, കോട്ടയം-6, ഇടുക്കി-8, എറണാകുളം-8, തൃശൂര്‍-5, പാലക്കാട്-6, മലപ്പുറം-3, കോഴിക്കോട്-6, വയനാട്-4, കണ്ണൂര്‍-4, കാസര്‍കോട് - 2 എന്നിങ്ങനെയാണ് പുതിയ ഔട്ട്‌ലെറ്റുകള്‍ വരുന്നത്.