കേരളം

kerala

ETV Bharat / state

കൊവിഡ് രോഗി പുഴുവരിച്ച നിലയില്‍; പരാതിയുമായി ബന്ധുക്കൾ

വട്ടിയൂര്‍കാവ് സ്വദേശി അനില്‍കുമാറിനെയാണ് കൊവിഡ് സ്ഥിരീകരിച്ച ശേഷം ആശുപത്രി അധികൃതര്‍ ഉപേക്ഷിച്ചു പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊവിഡ് രോഗി പുഴുവരിച്ച നിലയില്‍  തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ കോളജ് അനാസ്ഥ  പരാതി നൽകി ബന്ധുക്കൾ  വട്ടിയൂര്‍കാവ് സ്വദേശി അനില്‍കുമാർ  ആരോഗ്യമന്ത്രിക്ക് പരാതി നൽകി  55year old covid patient in poor condition  thiruvananthapuram medical college  kins complained to health minister
55കാരനായ കൊവിഡ് രോഗി പുഴുവരിച്ച നിലയില്‍; പരാതിയുമായി ബന്ധുക്കൾ

By

Published : Sep 28, 2020, 12:22 PM IST

Updated : Sep 28, 2020, 12:40 PM IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന 55കാരനായ കൊവിഡ് രോഗിയെ പുഴുവരിച്ച നിലയില്‍ ആശുപത്രി അധികൃതര്‍ തിരികെയേല്‍പ്പിച്ചെന്ന പരാതിയുമായി ബന്ധുക്കള്‍. വീഴ്‌ചയിൽ ഗുരുതര പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന വട്ടിയൂര്‍കാവ് സ്വദേശി അനില്‍കുമാറിനെയാണ് കൊവിഡ് സ്ഥിരീകരിച്ച ശേഷം ആശുപത്രി അധികൃതര്‍ പുഴുവരിച്ച നിലയില്‍ ഉപേക്ഷിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി. അനില്‍കുമാറിന്‍റെ ശരീരത്തില്‍ പുഴുവരിച്ചതിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നു.

കൊവിഡ് രോഗി പുഴുവരിച്ച നിലയില്‍; പരാതിയുമായി ബന്ധുക്കൾ

വീണു പരിക്കേറ്റതിനെ തുടര്‍ന്ന് വാര്‍ക്കപ്പണിക്കാരനായ അനില്‍കുമാറിനെ ആഗസ്റ്റ് 2ന് പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. 22ന് വെളുപ്പിന് അനില്‍കുമാറിനെ ഓര്‍ത്തോ ഐസിയുവില്‍ അഡ്‌മിറ്റ് ചെയ്‌തു. ഐസിയുവില്‍ നിരവധി പേര്‍ക്ക് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അനില്‍കുമാറിനെ വാര്‍ഡിലേക്ക് മാറ്റി. ആഗസ്റ്റ് 26ന് നടത്തിയ പരിശോധനയില്‍ അനിൽകുമാർ കൊവിഡ് നെഗറ്റീവ് ആണെന്നു കണ്ടെത്തി. എന്നാൽ തുടര്‍ന്ന് അനില്‍കുമാറിന്‍റെ ശരീരത്തില്‍ ഓക്‌സിജന്‍ ലെവല്‍ താഴ്ന്നു. രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു.

സെപ്‌തംബർ നാലിന് ഇയാൾക്ക് കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്ന് കൊവിഡ് ടെസ്റ്റിനു വിധേയമാക്കി. ആറിന് പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കൂട്ടിരിപ്പുകാരോട് ക്വാറന്‍റൈനില്‍ പോകാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. ഇതിനിടയില്‍ ആശുപത്രി അധികൃതരോട് രോഗവിവരം ഫോണിലൂടെ അന്വേഷിക്കുമ്പോള്‍ കുഴപ്പമില്ലെന്നും ഓക്‌സിജന്‍ ലെവല്‍ സാധാരണ നിലയിലാകുകയും കൊവിഡ് നെഗറ്റീവാകുകയും ചെയ്‌താല്‍ ഡിസ്ചാര്‍ജ് ചെയ്യാം എന്നായിരുന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു കൊണ്ടിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു.

സെപ്‌തംബർ 24ന് ആശുപത്രി അധികൃതര്‍ വിളിച്ച് കൊവിഡ് നെഗറ്റീവ് ആയെന്നും വീട്ടില്‍ കൊണ്ടു പോകാമെന്ന് അറിയിക്കുകയും ചെയ്‌തതനുസരിച്ച് വീട്ടിലെത്തിച്ചു. വീട്ടിലെത്തി ശരീരം പരിശോധിച്ചപ്പോഴാണ് അനില്‍കുമാറിന്‍റെ ശരീരം പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കഴുത്തില്‍ കിടന്ന അതേ കോളര്‍ തന്നെയായിരുന്നു ഡിസ്‌ചാര്‍ജ് ചെയ്യുമ്പോഴും. ഈ കോളര്‍ ഇറുകി തലയുടെ പുറകിലും രണ്ട് തോളുകളിലും മുറിവ് ഉണ്ടാകുകയും അത് പുഴുവരിക്കുന്ന നിലയിലുമായിരുന്നെന്ന് ആരോഗ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി. മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരുടെ ഈ അനാസ്ഥയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും ഇനിയാര്‍ക്കും ഈ സ്ഥിതി ഉണ്ടാകരുതെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കു നല്‍കിയ പരാതിയില്‍ അനില്‍കുമാറിന്‍റെ ഭാര്യ അനിതകുമാരി ആവശ്യപ്പെട്ടു.

Last Updated : Sep 28, 2020, 12:40 PM IST

ABOUT THE AUTHOR

...view details