തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി 4490 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചെലവഴിച്ചതായി ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിയമസഭയില്‍. ഓഖി ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം സംബന്ധിച്ച് നിയമസഭാംഗങ്ങളായ യു. പ്രതിഭ, എസ് ശർമ, വി ജോയി, കെ.വി അബ്‌ദുല്‍ ഖാദർ, എം വിൻസന്‍റ് തുടങ്ങിയവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. ഓഖിയിൽ വീട് നഷ്‌ടപ്പെട്ടവർക്ക് വീട് വെച്ചു നൽകുകയും മത്സ്യബന്ധന യാനങ്ങൾക്ക് ഇൻഷുറൻസ് ലഭ്യമാക്കുകയും ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓഖി പാക്കേജിന് സർക്കാർ 6000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ സഭയെ അറിയിച്ചു.
മത്സ്യത്തൊഴിലാളി ക്ഷേമത്തിന് ചെലവെഴിച്ചത് 4490 കോടി രൂപ: ജെ മേഴ്സിക്കുട്ടിയമ്മ
ഓഖി പാക്കേജിന് സർക്കാർ 6000 കോടി രൂപ അനുവദിച്ചു
മത്സ്യത്തൊഴിലാളികൾക്ക് 1000 സാറ്റലൈറ്റ് ഫോൺ നൽകാനും തീരുമാനിച്ചതായി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തീരത്തിന് 50 മീറ്ററിനുള്ളിൽ കടൽക്ഷോഭത്തിന് ഇരയാവുന്നവർക്ക് വീട് വെച്ച് നൽകുമോ എന്ന അബ്‌ദുല്‍ ഖാദറിന്‍റെ ചോദ്യത്തിന് 11885 വീടുകൾ ഓഖിയുടെ പശ്ചാത്തലത്തിൽ നൽകുന്ന പദ്ധതിക്ക് തുടക്കമായതായി മന്ത്രി മറുപടി പറഞ്ഞു. കൂടാതെ 2017ൽ നൽകിയ വാഗ്‌ദാനം ഇതുവരെ സർക്കാർ പാലിച്ചില്ലെന്ന് എം വിൻസന്‍റ് കുറ്റപ്പെടുത്തി. എസ്.എസ്.എൽ.സി പാസായ എത്ര മത്സ്യത്തൊഴിലാളികൾക്ക് ജോലി നൽകി എന്ന ചോദ്യത്തിന് മറുപടിയായി 40 വയസിനു താഴെയുള്ള 12 പേർക്ക് ജോലി നൽകാൻ തീരുമാനിച്ചുവെന്നും എന്നാൽ അതിൽ കാലതാമസം ഉണ്ടായതായും മന്ത്രി പറഞ്ഞു.