തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ 28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ (ഡിസംബർ 8) തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയൻ ആകും ചലച്ചിത്ര മേളയുടെ ഉദ്‌ഘാടനം നിര്‍വഹിക്കുക. ഇക്കുറി ഓൺലൈൻ വഴിയാകും ഉദ്‌ഘാടനം നിര്‍വഹിക്കുക.
എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഉദ്‌ഘാടന ശേഷം മുഹമ്മദ് കൊർദോഫാനി എന്ന നവാഗത സുഡാനിയൻ ചലച്ചിത്രകാരന്‍റെ 'ഗുഡ്ബൈ ജൂലിയ' മേളയുടെ ഉദ്‌ഘാടന ചിത്രമായി പ്രദർശിപ്പിക്കും. സുഡാനിൽ നിന്ന് കാൻ ചലച്ചിത്ര മേളയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് 'ഗുഡ്ബൈ ജൂലിയ'.
ചലച്ചിത്ര അക്കാദമി പുനരുദ്ധരിച്ച നാല് ക്ളാസിക് ചിത്രങ്ങള്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിജിറ്റല്‍ റെസ്‌റ്ററേഷന്‍ നടത്തി ദൃശ്യങ്ങളുടെയും ശബ്‌ദത്തിന്‍റെയും മിഴിവ് വര്‍ധിപ്പിച്ച് മേളയിൽ പ്രദർശിപ്പിക്കും. എം ടി വാസുദേവന്‍നായര്‍ തിരക്കഥയെഴുതി പിഎന്‍ മേനോന്‍ സംവിധാനം ചെയ്‌ത 'ഓളവും തീരവും'(1969), കെ ജി ജോര്‍ജ് സംവിധാനം ചെയ്‌ത 'യവനിക' (1982), ജി അരവിന്ദന്‍റെ അവസാന ചിത്രമായ 'വാസ്‌തുഹാര' (1991), മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളായ എകെ ലോഹിതദാസിന്‍റെ ആദ്യ സംവിധാന സംരഭം 'ഭൂതക്കണ്ണാടി' (1997) എന്നീ ചിത്രങ്ങളാണ് റെസ്റ്റോര്‍ഡ് ക്‌ളാസിക്‌സ് വിഭാഗത്തിൽ പ്രദർശിപ്പിക്കുക.
Also Read:28-ാമത് രാജ്യാന്തര ചലച്ചിത്ര മേള ; 'സ്‌പിരിറ്റ് ഓഫ് സിനിമ' പുരസ്‌കാരം കെനിയന്‍ സംവിധായിക വനൂരി കഹിയുവിന്
ലോകത്തെ എക്കാലത്തെയും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായ എക്‌സോര്‍സിറ്റ്, മലേഷ്യൻ സംവിധായിക അമാൻഡ നെൽ യു ഒരുക്കിയ 'ടൈഗർ സ്‌ട്രൈപ്‌സ്' എന്നീ ചിത്രങ്ങള്‍ മിഡ്‌നെറ്റ് സിനിമാ വിഭാഗത്തിലും പ്രദർശിപ്പിക്കും.
കെനിയന്‍ സംവിധായിക വനൂരി കഹിയുവിന് 'സ്‌പിരിറ്റ് ഓഫ് സിനിമ' അവാർഡ് നൽകി ആദരിക്കും. ഡിസംബര്‍ എട്ടിന് വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വനൂരി കഹിയു പുരസ്‌കാരം ഏറ്റുവാങ്ങും. അഞ്ച് ലക്ഷം രൂപയാണ് പുരസ്‌കാര തുക.
സിനിമയെ സമര ആയുധമാക്കി സമൂഹത്തിലെ അനീതികള്‍ക്കെതിരെ പോരാടുന്ന നിര്‍ഭയരായ ചലച്ചിത്ര പ്രവര്‍ത്തകരെ ആദരിക്കുന്നതിന് വേണ്ടിയാണ് സ്‌പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ഏർപ്പെടുത്തിയത്. 26-ാമത് ചലച്ചിത്ര മേള മുതലാണ് 'സ്‌പിരിറ്റ് ഓഫ് സിനിമ' പുരസ്‌കാരം നല്‍കി തുടങ്ങിയത്.
കുര്‍ദിഷ് സംവിധായികയായ ലിസ കലാന്‍ ആണ് പ്രഥമ 'സ്‌പിരിറ്റ് ഓഫ് സിനിമ' പുരസ്‌കാര ജേതാവ്. എട്ടു ലോകോത്തര ചലച്ചിത്രങ്ങള്‍ ആണ് വനിത സംവിധായകരുടെ പാക്കേജില്‍ പ്രദര്‍ശിപ്പിക്കുക. 'ടൈഗര്‍ സ്‌ട്രൈപ്‌സ്', 'ഫൂട്ട് പ്രിന്‍റ്‌സ് ഓണ്‍ വാട്ടര്‍', 'നെക്‌സ്‌റ്റ് സോഹി', 'ഫോര്‍ ഡോട്ടേഴ്‌സ്', 'ദി ബ്രേയിഡ്', 'ബനേല്‍ ആന്‍ഡ് അഡാമ', 'ഹൗറിയ' ഉൾപ്പടെ ലോകമെങ്ങുമുള്ള സ്ത്രീകളുടെ ആകുലതകളും ഉത്കണ്‌ഠയും പ്രതികരണങ്ങളും ഉള്‍കൊള്ളുന്ന സിനിമകളാണ് വനിത സംവിധായകരുടെ പാക്കേജില്‍ പ്രദര്‍ശിപ്പിക്കുക.
Also Read:ഐഎഫ്എഫ്‌കെ 2023; വിമണ്‍ ഡയറക്‌ടേഴ്‌സ് വിഭാഗത്തിൽ 8 ചിത്രങ്ങൾ, മാറ്റുരക്കാൻ മലയാളി സംവിധായികയും