തിരുവനന്തപുരം: ചൂടുപിടിച്ച സിനിമ ചർച്ചകളും നിരൂപണങ്ങളും സൗഹൃദക്കൂട്ടായ്മകളും പാട്ടും മേളവുമൊക്കെയായി ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തലസ്ഥാന നഗരിയിൽ വെള്ളിയാഴ്ച തിരിതെളിയും. ഇതോടെ ടാഗോർ തിയേറ്ററിലെ മരച്ചുവടുകളും കൈരളി തിയേറ്ററിലെ പടിക്കെട്ടുകളും ഇനി ഒരാഴ്ചക്കാലം തിരക്കിലാകും. ചലച്ചിത്രമേളയ്ക്കായുള്ള എല്ലാ ഒരുക്കങ്ങളും പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ ഇതിനോടകം പൂർത്തിയായി കഴിഞ്ഞു.
മേളയുടെ ആദ്യ ദിനത്തില്‍ കാൻ ചലച്ചിത്ര മേളയിൽ പ്രേക്ഷക പ്രീതി നേടിയ പോർച്ചുഗൽ ചിത്രം റിമൈൻസ് ഓഫ് ദി വിൻഡ് ഉൾപ്പെടെ 11 ചിത്രങ്ങളുടെ പ്രദർശനം നടക്കും. കൈരളി, കലാഭവൻ, നിള, ശ്രീ, ടാഗോർ, എന്നീ തിയേറ്ററുകളിലാണ് ആദ്യദിനത്തിൽ പ്രദർശനങ്ങൾ നടക്കുന്നത്. മേളയ്ക്ക് നാളെയാണ് തിരിതെളിയുന്നതെങ്കിലും ടാഗോർ തിയേറ്ററിലേക്ക് സിനിമ ആസ്വാദകരും സൗഹൃദ കൂട്ടായ്മകളും ഇന്നു മുതൽ തന്നെ എത്തിത്തുടങ്ങി. വിദേശ രാജ്യങ്ങളിൽ നിന്നടക്കം മേളയിൽ ഇത്തവണയും ഡെലിഗേറ്റുകൾ എത്തുന്നുണ്ട്.