ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവെന്നാണ് ഗാന്ധിദർശനം. സമൂഹത്തിന്‍റെ അങ്ങേത്തട്ടിൽ നിന്നും പുരോഗതിയുടെ ആദ്യചുവടുകൾ ആരംഭിക്കുമ്പോൾ അത് രാജ്യത്തിന്‍റെ സർവമേഖലയിലേക്ക് പുരോഗതി കൊണ്ടുവരുന്നു. പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് സ്വയംഭരണ സ്ഥാപനങ്ങള്‍ പോലെ പ്രവര്‍ത്തിക്കുവാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനായി ആത്മാര്‍ഥവും ഗൗരവമുള്ളതുമായ പരിശ്രമം നടത്തിയ രാജ്യത്തെ ഏതാനും ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഇത്തരത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് തുടക്കം കുറിച്ച പദ്ധതിയാണ് ജനകീയാസൂത്രണം. കേരളത്തിലെ വികസന സങ്കല്‍പങ്ങളില്‍ ദിശാമാറ്റം സൃഷ്ടിച്ച ഒന്നായിരുന്നു ഈ പദ്ധതി. 1996 ഓഗസ്റ്റ് 17നാണ് സന്നദ്ധ സേവകരെയും വിദഗ്‌ധരെയും ഉദ്യോഗസ്ഥരെയും അതിലുപരി ജനങ്ങളെയും ഒരുമിപ്പിച്ചു കൊണ്ട് ജനകീയാസൂത്രണ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒരു വര്‍ഷം, ആറ് തവണ തുടര്‍ച്ചയായി സംഘടിപ്പിച്ച പരിശീലന പരിപാടികള്‍ക്ക് ശേഷം താഴെത്തട്ടിലുള്ള പ്രാദേശിക പദ്ധതി ആസൂത്രണം ഉയര്‍ന്നു വന്നു. അതിന് ശേഷം എല്ലാ വര്‍ഷവും കേരളത്തിലെ ഓരോ തദ്ദേശഭരണസ്ഥാപനങ്ങളും തങ്ങളുടെ പ്രാദേശിക പദ്ധതികള്‍ ആസൂത്രണം ചെയ്ത് അവ നടപ്പില്‍ വരുത്തികൊണ്ടിരിക്കുന്നു.
നാല് സര്‍ക്കാരുകള്‍ മാറി മാറി വന്നിട്ടും ഇപ്പോഴും യാതൊരു കോട്ടവും തട്ടാതെ നിലനിന്നു വരികയാണ് ജനകീയാസൂത്രണ പദ്ധതി. അന്താരാഷ്ട്രതലത്തിലെ അധികാര വികേന്ദ്രീകരണത്തിൽ നിന്നും കേരളത്തെ വ്യത്യസ്‌തമാക്കുന്നതും ഇത് തന്നെ. ഫണ്ട്, പ്രവര്‍ത്തനങ്ങള്‍, പ്രവര്‍ത്തകര്‍ എന്നിവയുടെ കൈമാറ്റമായിരുന്നു അധികാര വികേന്ദ്രീകരണത്തിന്‍റെ ആണിക്കല്ലുകള്‍. അതില്‍ നിന്നും ഒരിക്കല്‍ പോലും കേരളം പുറകോട്ട് പോയില്ല പിന്നീടൊരിക്കലും. 2020-21 ബജറ്റില്‍ മൊത്തത്തിലെ 25.9 ശതമാനമാണ് ഇങ്ങനെ കൈമാറ്റം ചെയ്യപ്പെട്ട ഫണ്ട് പങ്കാളിത്തം. 20,000 കോടി രൂപയില്‍ കൂടുതല്‍ ഫണ്ട് ഇതുവരെയായി കൈമാറ്റം ചെയ്യപ്പെട്ടതായാണ് കണക്കാക്കുന്നത്. സര്‍ക്കാരിന്‍റെ മൊത്ത വരുമാനത്തിന്‍റെ ഏതാണ്ട് 20 ശതമാനമാണിത്.
കേരളത്തിലെ തദ്ദേശ സ്വയം ഭരണത്തിലേക്കുള്ള അധികാര കൈമാറ്റം കൂടുതല്‍ മെച്ചപ്പെട്ടതാക്കി മാറ്റുന്നത് ഏറ്റവും താഴെ തട്ടിലുള്ള ജനങ്ങളില്‍ നിന്ന് ഉണ്ടാകുന്ന മഹത്തായ രാഷ്ട്രീയ സമ്മർദമാണ്. ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ കേരളം മൂന്നായി വിഭജിക്കപ്പെട്ടിരുന്നു. തിരുവിതാംകൂറും കൊച്ചിയും രാജഭരണത്തിന് കീഴിലുള്ള സംസ്ഥാനങ്ങള്‍ ആയിരുന്നുവെങ്കില്‍ മലബാര്‍, മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. എന്നിരുന്നാലും ഈ മൂന്ന് മേഖലകളിലേയും സാമൂഹിക സാഹചര്യങ്ങള്‍ സമാനമായിരുന്നു. വരേണ്യ ജാതിക്കാര്‍ കീഴ് ജാതിക്കാര്‍ക്കു മേല്‍ മേധാവിത്വം പുലര്‍ത്തി. 19-ാം നൂറ്റാണ്ടിന്‍റെ ഒടുവിലും 20-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലുമായി കേരളം സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. താഴെ തട്ടില്‍ ഉണ്ടായ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ സര്‍ക്കാരിന്‍റെ അവകാശങ്ങളും കടമകളും ഉത്തരവാദിത്തങ്ങളും എന്താണെന്ന് മനസ്സിലാക്കുവാന്‍ ജനങ്ങളെ സഹായിക്കുകയും അതുവഴി അവര്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ ഉയര്‍ത്തി കാട്ടുവാന്‍ പ്രോത്സാഹനം ലഭിയ്ക്കുകയും ചെയ്തു. ഇതാണ് കേരളത്തിലെ അധികാര വികേന്ദ്രീകരണത്തിന് ശക്തമായ അടിത്തറ പാകുന്നതിന് പ്രധാന പങ്ക് വഹിച്ച ഘടകം.
സംസ്ഥാനത്ത് വളരെ ഉയര്‍ന്ന തോതില്‍ നഗരവല്‍ക്കരണം നടന്നതോടെ നഗരങ്ങളില്‍ ശക്തമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉണ്ടാകേണ്ടതിന്‍റെ ആവശ്യം ഉയര്‍ന്നു. സംസ്ഥാനത്തെ 47 ശതമാനത്തിലധികം ജനങ്ങള്‍ നഗര പ്രദേശങ്ങളിലാണ് ജീവിക്കുന്നത്. അത്തരം ഒരു സ്ഥിതി വിശേഷത്തില്‍ മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും പോലുള്ള സ്ഥാപനങ്ങള്‍ക്ക് വളരെ പ്രാധാന്യമുള്ള പങ്ക് വഹിക്കാനുണ്ടായിരുന്നു. കാരണം മിക്കവാറും എല്ലാ നാഗരിക പ്രശ്‌നങ്ങളും പ്രാദേശിക തലത്തില്‍ തന്നെ കൈകാര്യം ചെയ്യുകയായിരുന്നു എളുപ്പം. 1994ലെ കേരള മുനിസിപ്പാലിറ്റി നിയമം സംസ്ഥാനത്തെ മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും നിശ്ചിതമായ പ്രവര്‍ത്തനങ്ങളുടെ പട്ടിക നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും അവ ഫലപ്രദമായി നടപ്പില്‍ വരുത്തുവാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് കഴിവില്ല. ഈ വ്യവസ്ഥകള്‍ നിയമത്തില്‍ കൂട്ടി ചേര്‍ക്കുമ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാരിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് മേല്‍ മേലധികാരവും ഉണ്ടായിരുന്നു.
ഇങ്ങനെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സമാന്തരമായ നിലയില്‍ വ്യത്യസ്ത പ്രവര്‍ത്തനങ്ങളുടെ ഒരു മേഖല അര്‍ധ സംസ്ഥാന ഏജന്‍സികള്‍ക്ക് ഉണ്ടായിരുന്നു എന്നതിനാല്‍ അധികാരം പരസ്പരം കവിഞ്ഞു കിടക്കുകയും അത് സംസ്ഥാനത്തെ അധികാര വികേന്ദ്രീകരണത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്തു. സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളുടെയും കോര്‍പ്പറേഷനുകളുടെയുംസാമ്പത്തിക സ്ഥിതി വളരെ ദുര്‍ബലമാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഗ്രാന്‍റുകളെ ഏറെ ആശ്രയിച്ചാണ് അവ കഴിയുന്നത്. ഈ സ്ഥാപനങ്ങള്‍ക്ക് മൊത്തത്തില്‍ ലഭിക്കുന്ന പണത്തിന്‍റെ വളരെ ചെറിയ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ സ്വന്തമായ നികുതി വരുമാനം. സ്വന്തം നികുതി വരുമാനം വര്‍ധിപ്പിക്കുവാനുള്ള വലിയ ഒരു സാധ്യത ഉണ്ടെങ്കിലും കേരള മുനിസിപ്പാലിറ്റി നിയമം അമിതമായ അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്നതിനാല്‍ അവയുടെ വളര്‍ച്ച തടസ്സപ്പെടുന്നു.
ജനകീയാസൂത്രണം പദ്ധതിയുടെ നേട്ടങ്ങള്‍
ആരോഗ്യം
1990 മുതല്‍ ഗുരുതര പ്രതിസന്ധി നേരിടുകയാണ് കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം. പകര്‍ച്ചവ്യാധി സാഹചര്യങ്ങൾ മാറി കൊണ്ടിരിക്കുന്നതിനാലും പൊതുജനാരോഗ്യ രംഗത്തെ ചെലവിടല്‍ തീരെ കുറഞ്ഞതിനാലും ആരോഗ്യ പരിപാലനം സംബന്ധിച്ച് വലിയ അളവിലുള്ള ആവശ്യകതകള്‍ വർധിച്ച സാഹചര്യമാണ് ഇപ്പോൾ. ആരോഗ്യ മേഖലയിൽ സര്‍ക്കാര്‍ മുതല്‍മുടക്ക് വെട്ടിച്ചുരുക്കുമ്പോൾ ആവശ്യകതയും വിതരണവും തമ്മിലുള്ള വിടവ് നികത്തുന്നതിനായി സ്വകാര്യ മേഖല കടന്നു വരുന്നു. ജനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന്‍റെ തോത് 34 ശതമാനം കുറയുവാനും ഇത് ഇടയാക്കി. 2014ൽ എന്‍.എസ്.എസ്.ഒയുടെ 71-ാം ഘട്ടത്തിലായിരുന്നു ഇത്. സ്വകാര്യ മേഖല കടന്നുവന്നതിന്‍റെ പ്രത്യാഘാതമായി ആരോഗ്യ പരിപാലന ചെലവ് കുത്തനെ ഉയരുകയും ദരിദ്രര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും അടിസ്ഥാന സൗകര്യങ്ങള്‍, അവയുടെ ഉപയോഗം, ഫലങ്ങള്‍ എന്നിവയില്‍ തുല്യത ഇല്ലായ്മയും ഉണ്ടായിട്ടുണ്ട്.
1997ല്‍ ജനിക്കുന്ന ആയിരം കുഞ്ഞുങ്ങളിൽ 12 പേര്‍ മരിച്ചിരുന്ന അവസ്ഥയില്‍ നിന്നും 2006 ആയപ്പോഴേക്കും 15 ആയി മരണനിരക്ക് ഉയര്‍ന്നു എന്നത് വലിയ തിരിച്ചടിയായി മാറി. എന്നാല്‍, ഒരു മടങ്ങി വരവിനുള്ള എല്ലാ അടിത്തറയും സാവധാനം ഒരുക്കി വരികയാണ് അധികാര വികേന്ദ്രീകരണം. ജനങ്ങള്‍ സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ നിരക്ക് 2018-19 എന്‍.എസ്.എസ്.ഒയുടെ 75-ാം ഘട്ടത്തിൽ 48 ശതമാനമായി വർധിച്ചു. ശിശുമരണ നിരക്ക് 15ല്‍ നിന്നും ഏഴായി ചുരുങ്ങി. ശിശുമരണനിരക്ക് ഏഴ് എന്ന ഒറ്റ അക്കത്തിലേക്ക് കുറഞ്ഞപ്പോള്‍ അത് 2020ൽ ഐക്യരാഷ്ട്രസഭ ലക്ഷ്യമിട്ട എട്ട് എന്ന സംഖ്യയേക്കാൾ കുറവായിരുന്നു. ദേശീയ ശരാശരിയായ 32നേക്കാള്‍ ഏറെ മുന്നിലായി മാറിയിത്. പല രോഗങ്ങള്‍ക്കുമുള്ള പ്രതിരോധ കുത്തിവെയ്പ്പ് നിരക്ക് ഏതാണ്ട് 100 ശതമാനമായും ഉയര്‍ന്നു.
വിദ്യാഭ്യാസം
പ്രതിശീര്‍ഷ വരുമാനം മെച്ചപ്പെട്ടതോട് കൂടി സൗജന്യ- ആഗോള സ്‌കൂള്‍ വിദ്യാഭ്യാസം (സര്‍ക്കാര്‍ സ്‌കൂളുകള്‍, സ്വകാര്യ എയ്ഡഡ് സ്‌കൂളുകള്‍) ജനകീയമായ അഭിലാഷങ്ങളുടെ പിന്നിലായി. ഇക്കാരണത്താല്‍ മധ്യവർഗ സമൂഹം അണ്‍- എയ്ഡഡ് സ്വകാര്യ സ്‌കൂളുകളിലേക്ക് തിരിഞ്ഞു. 2016-17 കാലഘട്ടമായപ്പോഴേക്കും വിദ്യാർഥികളുടെ എണ്ണം 4.1 ലക്ഷം ആയി വർധിച്ചു. 1991ല്‍ 1.5 ലക്ഷം വിദ്യാര്‍ഥികളായിരുന്നു അണ്‍-എയ്‌ഡഡ് സ്‌കൂളുകളില്‍ പഠിച്ചിരുന്നത്. എന്നാല്‍, രണ്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള അഞ്ച് ലക്ഷത്തിലധികം വിദ്യാർഥികള്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി അണ്‍- എയ്‌ഡഡ് മേഖലയില്‍ നിന്നും തിരിച്ചെത്തി. 2019ലെ സ്‌കൂള്‍ വിദ്യാഭ്യാസ നിലവാര സൂചികയില്‍ 100ല്‍ 76.6 സ്‌കോര്‍ നേടിയ 20 വലിയ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്താണ് കേരളം.