കേരളം

kerala

By

Published : Aug 26, 2022, 8:54 PM IST

ETV Bharat / state

14th IDSFFK : അന്താരാഷ്‌ട്ര ഡോക്യുമെൻ്ററി ഹ്രസ്വചിത്ര മേളയ്‌ക്ക് തിരിതെളിഞ്ഞു

മേളയുടെ ഉദ്ഘാടനം കൈരളി തിയേറ്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 261 സിനിമകൾ പ്രദർശിപ്പിക്കുന്ന മേള ഓഗസ്റ്റ് 31 ന് സമാപിക്കും

14th IDSFFK  അന്താരാഷ്‌ട്ര ഡോക്യുമെൻ്ററി ഹ്രസ്വചിത്ര മേള  ഐഡിഎസ്എഫ്എഫ്കെ  ഐഡിഎസ്എഫ്എഫ്കെ 2022  മരിയു പോളിസ് 2  14TH INTERNATIONAL DOCUMENTARY SHORT FILM FESTIVAL  ദി മാൻ ഇൻ ദി ട്രീ  വി എൻ വാസവൻ  റീന മോഹൻ  Director Reena Mohan  പിണറായി വിജയൻ  ആന്‍റണി രാജു  ആര്യാ രാജേന്ദ്രൻ  ലളിത് വചാനി
14th IDSFFK: അന്താരാഷ്‌ട്ര ഡോക്യുമെൻ്ററി ഹ്രസ്വചിത്ര മേളയ്‌ക്ക് തിരിതെളിഞ്ഞു

തിരുവനന്തപുരം : 14-ാമത് അന്താരാഷ്‌ട്ര ഡോക്യുമെൻ്ററി ഹ്രസ്വചിത്ര മേളയ്‌ക്ക് തുടക്കം. ഉദ്ഘാടനം കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സാംസ്‌കാരിക മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. ഹൃദയഹാരിയായ ചിത്രങ്ങൾ ജനങ്ങളിലെത്തിക്കാൻ ഐഡിഎസ്എഫ്എഫ്കെ മികച്ച വേദിയാണെന്ന് സാംസ്‌കാരിക മന്ത്രി പറഞ്ഞു.

ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്‌കാരം റീന മോഹന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു

ചടങ്ങിൽ ഡോക്യുമെന്‍ററി സംവിധായികയും എഡിറ്ററുമായ റീന മോഹന് മുഖ്യമന്ത്രി ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്‌കാരം സമ്മാനിച്ചു. ഫെസ്റ്റിവൽ കാറ്റലോഗ് ഗതാഗത മന്ത്രി ആന്‍റണി രാജു കെഎസ്‌എഫ്‌ഡിസി ചെയർമാൻ ഷാജി എൻ കരുണിനും, ഫെസ്റ്റിവൽ ബുള്ളറ്റിൻ ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ മേയർ ആര്യ രാജേന്ദ്രനും നൽകി പ്രകാശിപ്പിച്ചു.

തുടർന്ന് ഉദ്ഘാടന ചിത്രമായ മരിയു പോളിസ് 2 നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചു. സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മേളയിൽ നാളെ, വർഗീയ സംഘടനകൾ യുവമനസുകളെ സ്വാധീനിക്കാൻ നടത്തുന്ന ശ്രമം അടയാളപ്പെടുത്തുന്ന ലളിത് വചാനി ചിത്രം 'ബോയ് ഇൻ ദി ബ്രാഞ്ച്', എട്ടുവർഷങ്ങൾക്ക് ശേഷം ഇതേ വിഷയത്തിലേക്ക് തിരിഞ്ഞുനോക്കുന്ന 'ദി മാൻ ഇൻ ദി ട്രീ' എന്നിവ ഉൾപ്പടെ 51 ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്‌കാര ജേതാവ് റീന മോഹൻ സംവിധാനം ചെയ്ത സ്‌കിൻ ഡീപും രണ്ടാം ദിനത്തിലെ ചിത്രങ്ങളിൽ ഉൾപ്പെടുന്നു. ലിറ്റിൽ പെർഫക്‌ട് തിങ്ക്സ്, തിരുവ്, മ്യൂട്ടഡ് ക്രോസ്, ഒരാൾ മാത്രം, ലാബ്രിന്ത് എന്നീ ക്യാംപസ് ചിത്രങ്ങളുടെ പ്രദർശനവും നാളെ നടക്കും. വിവിധ രാജ്യാന്തര മത്സര വേദികളിൽ പ്രദർശിപ്പിച്ച 19 ചിത്രങ്ങൾ ഉൾപ്പടെ 261 സിനിമകൾ പ്രദർശിപ്പിക്കുന്ന മേള ആഗസ്റ്റ് 31 സമാപിക്കും.

ABOUT THE AUTHOR

...view details