കേരളം

kerala

ETV Bharat / state

സംസ്ഥാനത്തെ 13 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം - നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍റേര്‍ഡ്

ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമാണ് തുടര്‍ച്ചയായുളള ദേശീയ ഗുണനിലവാര അംഗീകാരമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ

സംസ്ഥാനത്തെ 13 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

By

Published : Nov 6, 2019, 4:46 PM IST

തിരുവനന്തപുരം:സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍റേര്‍ഡ് (എന്‍ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമാണ് തുടര്‍ച്ചയായുളള ദേശീയ ഗുണനിലവാര അംഗീകാരമെന്ന് മന്ത്രി പറഞ്ഞു.

വയനാട് പൂത്താടി കുടുംബാരോഗ്യ കേന്ദ്രം(97%), കോഴിക്കോട് താമരശേരി ഗവ. താലൂക്ക് ആശുപത്രി(93.6%), കണ്ണൂര്‍ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം(93%), കണ്ണൂര്‍ കതിരൂര്‍ കുടുംബാരോഗ്യ കേന്ദ്രം(93%), എറണാകുളം പായിപ്പറ കുടുംബാരോഗ്യ കേന്ദ്രം(92%), കോട്ടയം വെള്ളിയാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം(92%), കോഴിക്കോട് കല്ലുനിറ യുപിഎച്ച്‌സി(90.6%), എറണാകുളം കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രം(90%), കാസര്‍കോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രം(90%), കണ്ണൂര്‍ കൂവോട് യുപിഎച്ച്സി(88.9%), കോഴിക്കോട് ഇടച്ചേരി കുടുംബാരോഗ്യ കേന്ദ്രം(88%) കോട്ടയം കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രം(85%) മലപ്പുറം പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം(84%) എന്നിവയാണ് എന്‍ക്യൂഎഎസ് ബഹുമതി നേടിയത്. ഇതോടുകൂടി രാജ്യത്തെ മികച്ച പിഎച്ച്സി ഗണത്തില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം കരസ്ഥമാക്കി.

ജില്ലാതല ആശുപത്രികളുടെ ഗണത്തില്‍ ഡബ്ല്യൂ & സി കോഴിക്കോട് 96% മാര്‍ക്ക് നേടി ഇന്ത്യയിലെ തന്നെ ഒന്നാം സ്ഥാനം നേടി. സബ്‌ ജില്ലാ ആശുപത്രികളുടെ ഗണത്തില്‍ 98.7% മാര്‍ക്കുകള്‍ നേടി താലൂക്ക് ആശുപത്രി ചാലക്കുടി ഇന്ത്യയില്‍ ഒന്നാമതെത്തി. 12 സ്ഥാപനങ്ങള്‍ക്ക് എന്‍ക്യൂഎഎസ് അംഗീകാരം കരസ്ഥമാക്കിയ കണ്ണൂര്‍ ജില്ല ഒരു ഡസന്‍ സ്ഥാപനങ്ങള്‍ക്ക് എന്‍ക്യുഎഎസ് അംഗീകാരം നേടിയെടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ലയായി മാറി.

ഈ വര്‍ഷം അവസാനത്തോടെ 140 സര്‍ക്കാര്‍ ആശുപത്രികളെങ്കിലും എന്‍ക്യുഎഎസ് അംഗീകാരം നേടിയെടുക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ആരോഗ്യ വകുപ്പ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നിന്നും 55 സ്ഥാപനങ്ങളാണ് ഇതുവരെ എന്‍ക്യുഎഎസ് അംഗീകാരം നേടിയെടുത്തിട്ടുള്ളത്. ഇതുകൂടാതെ 10 ആശുപത്രികള്‍ കൂടി സംസ്ഥാനതല പരിശോധന കഴിഞ്ഞ് ദേശീയതല പരിശോധനക്കായി കാത്തിരിക്കുകയാണ്. തിരുവനന്തപുരം, ഒറ്റശേഖരമംഗലം, പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം അടുത്തിടെ 99% സ്‌കോറോടെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കാസര്‍കോട് കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രവും 99% മാര്‍ക്ക് കരസ്ഥമാക്കിയിരുന്നു.

സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്‍റ് റൈറ്റ്, ഇന്‍പുട്‌സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി മാനേജ്‌മെന്‍റ്, ഔട്ട് കം എന്നീ 8 വിഭാഗങ്ങളായി 6500 ഓളം ചെക്ക് പോയിന്‍റുകള്‍ വിലയിരുത്തിയാണ് എന്‍ക്യുഎഎസ് അംഗീകാരം നല്‍കുന്നത്. ജില്ലാതല പരിശോധന സംസ്ഥാനതല പരിശോധന എന്നിവക്ക് ശേഷം എന്‍എച്ച്എസ്ആര്‍സി നിയമിക്കുന്ന ദേശീയതല പരിശോധകര്‍ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും 70%ല്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്ക് ഭാരത സര്‍ക്കാര്‍ എന്‍ക്യുഎഎസ് അംഗീകാരം നല്‍കുന്നത്. എന്‍ക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വര്‍ഷ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്‍റെ പുനഃപരിശോധന ഉണ്ടാകും. എന്‍ക്യുഎഎസ് അംഗീകാരം ലഭിക്കുന്ന പിഎച്ച്സികള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സറ്റീവ്‌സ് ലഭിക്കും.

ABOUT THE AUTHOR

...view details