സംസ്ഥാനത്ത് പത്ത് പേര്‍ക്ക് കൂടി കൊവിഡ്; പത്ത് പേര്‍ക്ക് രോഗമുക്തി - കൊവിഡ്
16:50 April 29
നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 123
തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. കൊല്ലത്ത് ആറ്, തിരുവനന്തപുരം, കാസര്‍കോട് രണ്ട് വീതം എന്നിങ്ങനെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഒരാൾ മാധ്യമപ്രവര്‍ത്തകനുമാണ്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വന്നവരാണ് മറ്റുള്ളവര്‍. രോഗം ഭേദമായ പത്ത് പേരില്‍ കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളിലെ മൂന്ന് പേര്‍ വീതവും പത്തനംതിട്ടയിലെ ഒരാളും ഉൾപ്പെടുന്നു. നിലവില്‍ 123 പേരാണ് ചികിത്സയിലുള്ളത്. 495 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 20,673 പേരാണ് നിരീക്ഷണത്തിലുള്ളത്. 24,952 സാമ്പിളുകൾ ഇതുവരെ പരിശോധനക്കയച്ചു. 23,880 എണ്ണത്തിൽ രോഗബാധ ഇല്ലെന്ന് കണ്ടെത്തി. ബുധനാഴ്‌ച മാത്രം 84 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇടുക്കിയിലെ വണ്ടിപെരിയാര്‍, കാസര്‍കോട്ടെ അജാനൂര്‍ എന്നീ രണ്ട് സ്ഥലങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 102 ആയി. 28 ഹോട്ട്‌സ്‌പോട്ടുകളുള്ള കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ ഹോട്ട്‌സ്‌പോട്ടുകളുള്ളത്. കൊവിഡ് പശ്ചാത്തലത്തില്‍ വാര്‍ഡ് വിഭജനം നടത്തില്ല. നിലവിലെ വാര്‍ഡ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തും. സാലറി കട്ട് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. മന്ത്രിമാരുടെ ശമ്പളം, എംഎല്‍എമാരുടെ അലവന്‍സ് എന്നിവ 30 ശതമാനം പിടിക്കും. വരുമാനം ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കൃഷി വകുപ്പിന്‍റെ സമഗ്ര പദ്ധതി നടപ്പിലാക്കും. കാര്‍ഷികമേഖലയുടെ വികസനത്തിന് ഒരു വര്‍ഷത്തിനകം 3,000 കോടി വകയിരുത്തും. പച്ചക്കറി ഉല്‍പാദനം ഗണ്യമായി കൂട്ടണം. തരിശുഭൂമിയില്‍ കൃഷിയിറക്കും. ജോലി നഷ്‌ടപ്പെട്ട പ്രവാസികളെ കാര്‍ഷികരംഗത്തേക്ക് കൊണ്ടുവരും. ഉടമ തന്നെ കൃഷിയിറക്കിയാല്‍ സര്‍ക്കാര്‍ സഹായിക്കും. വിപണനസാധ്യതകൾ ഒരുക്കും. കാര്‍ഷികമേഖലയില്‍ യുവജനങ്ങൾ പങ്കാളികളാകണം. കൃഷി ചെയ്യുന്നവര്‍ക്ക് സബ്‌സിഡിയും വായ്‌പയും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊവിഡ് കാലത്ത് ഒഴിവാക്കാന്‍ സാധിക്കുന്ന സമരങ്ങൾ ഒഴിവാക്കണം. സമരം ചെയ്യുന്നവരുടെ സുരക്ഷ സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. മാലിന്യനിക്ഷേപത്തിനെതിരെ ജാഗ്രത വേണം. മാലിന്യങ്ങൾ പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയരുത്. ബ്രേക്ക് ദ് ചെയിനിന്‍റെ രണ്ടാം ഘട്ടത്തിന് 'തുപ്പല്ലേ തോറ്റുപോകും' എന്ന പേരില്‍ ആരംഭം കുറിച്ചു. വ്യാജവാര്‍ത്തകൾക്കെതിരെ കര്‍ശന നടപടിയെടുക്കും. സര്‍വീസ് പെന്‍ഷന്‍ വിതരണം മെയ് നാല് മുതല്‍ എട്ട് വരെ നടക്കും. വിദ്യാര്‍ഥികൾക്ക് ആവശ്യമായ മാസ്‌ക്കുകളുടെ നിര്‍മാണം പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു. സര്‍വകലാശാല വിദ്യാര്‍ഥികൾക്ക് ഓണ്‍ലൈനായി പഠനസൗകര്യമൊരുക്കും. ഇതിനായി ലേണ്‍ ഇന്‍ ലോക്ക് ഡൗണ്‍ പദ്ധതി ആരംഭിക്കും.