തിരുവനന്തപുരം :Omicron India:അടുത്ത രണ്ട് മാസത്തിനുള്ളിൽ രാജ്യത്ത് 10 ലക്ഷത്തോളം ഒമിക്രോണ്‍ കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് വിദഗ്‌ധരുടെ മുന്നറിയിപ്പ്. 2-3 ആഴ്‌ചയ്‌ക്കുള്ളിൽ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 1000-ലും രണ്ട് മാസത്തിനുള്ളിൽ ഒരു ദശലക്ഷത്തിലും എത്തുമെന്നാണ് ആഗോള പ്രവണതകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഒരു വലിയ വ്യാപനം ഉണ്ടാകുന്നതിന് ഒരു മാസത്തിൽ കൂടുതൽ സമയമില്ലെന്ന്, കേരളത്തിലെ കൊവിഡ് വിദഗ്‌ധ സമിതി അംഗം ഡോ ടി എസ് അനീഷ് പറഞ്ഞു. ഇത് തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022 ജനുവരിയോടെ കൊവിഡ് കേസുകളുടെ വർധനവുണ്ടാകുമെന്ന് ഹൈദരാബാദിലെ കൃഷ്‌ണ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്‌ടർ ഡോ.സംബിത് സാഹുവും അഭിപ്രായപ്പെട്ടു. ഒമിക്രോൺ ബാധിതര്‍ ഭൂരിഭാഗവും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
'ജനുവരി അവസാനത്തോടെ കൊവിഡ് സംഖ്യകളിൽ വർധനവ് പ്രതീക്ഷിക്കുന്നു. ലോകം അഭിമുഖീകരിക്കുന്നതിനെ നമ്മളും അഭിമുഖീകരിക്കും. നേരത്തെ ഉണ്ടായിരുന്നതുപോലെ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ വര്‍ധിച്ച എണ്ണം നമുക്കുണ്ടാകില്ല', ഡോ. സാഹു പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു.