പത്തനംതിട്ട: മല്ലപ്പള്ളിയില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മോക്‌ഡ്രില്ലിനിടെ മണിമലയാറ്റില്‍ മുങ്ങിത്താഴ്ന്ന യുവാവ് മരിച്ചു. കല്ലൂപ്പാറ സ്വദേശി ബിനു സോമനാണ് (34) മരിച്ചത്. ഇന്നലെ രാവിലെയുണ്ടായ അപകടത്തെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി എട്ട് മണിയോടെയാണ് മരണം.
മോക്ഡ്രില്ലിനിടെ അപകടം; മണിമലയാറ്റില്‍ മുങ്ങിത്താഴ്ന്ന യുവാവ് ചികിത്സക്കിടെ മരിച്ചു
കല്ലൂപ്പാറ സ്വദേശി ബിനു സോമനാണ് മരിച്ചത്. അപകടത്തില്‍പ്പെട്ടത് വെള്ളത്തില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം അനുകരിക്കുന്നതിനിടെ. ശാരീരിക അസ്വസ്ഥയുണ്ടായതിനെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങുകയായിരുന്നു. ചികിത്സക്കിടെ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മരണം.
ഉരുള്‍പൊട്ടല്‍ പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാന വ്യപകമായി ഇന്നലെ മോക്‌ഡ്രില്ല് സംഘടിപ്പിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി വെള്ളത്തില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം അനുകരിക്കുന്ന സമയത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ബിനു വെള്ളത്തില്‍ മുങ്ങി. ഉടന്‍ തന്നെ സേനാംഗങ്ങള്‍ ബിനുവിനെ കരക്ക് കയറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മോക്ഡ്രില്‍ നടത്തുന്നതിന് നീന്തല്‍ അറിയാവുന്ന നാട്ടുകാരുടെ സഹായം ദുരന്തനിവാരണ അതേറിറ്റി തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബിനുവും മറ്റ് മൂന്ന് പേരുമടങ്ങുന്ന സംഘം മോക്‌ഡ്രില്ലിനെത്തിയത്. ബിനു സോമന്‍റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനമറിയിച്ചു.