പത്തനംതിട്ട: സഹോദരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ, അനുജനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. അടൂർ ചൂരക്കോട് രാജ് ഭവനിൽ ശ്രീരാജ് (34) ആണ് അറസ്റ്റിലായത്. സഹോദരൻ അനുരാജിനെയാണ് (35) ശ്രീരാജ് വെട്ടുകത്തി ഉപയോഗിച്ച് തലയ്ക്ക് വെട്ടിയത്. ബുധനാഴ്‌ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
പരിക്കേറ്റ അനുരാജിനെ പൊലീസ് അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ പിന്നീട്
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സഹോദരങ്ങൾ തമ്മിൽ വീട്ടിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
2009-ൽ അച്ഛൻ സദാശിവൻ പിള്ളയേയും, ഇദ്ദേഹത്തിൻ്റെ സുഹൃത്ത് പ്രസന്ന കുമാറിനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീരാജ്. 2021ൽ മാതാവിനെ ദേഹോപദ്രവം ഏൽപ്പിച്ചതിനും ഇയാൾക്കെതിരെ അടൂർ പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. പൊലീസ് ഇൻസ്‌പെക്‌ടർ ശ്രീകുമാർ, എസ്‌ഐ മനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
വൃദ്ധയെ മരുമകൾ വെട്ടിക്കൊലപ്പെടുത്തി: കഴിഞ്ഞ ദിവസമാണ് എറണാകുളം,മൂവാറ്റുപുഴയിൽ അമ്മായിയമ്മയെ മരുമകൾ വെട്ടിക്കൊലപ്പെടുത്തിയത്. മേക്കടമ്പ് അമ്പല്ലൂർ ക്ഷേത്രത്തിന് സമീപം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന നിലന്താനത്ത് അമ്മിണിയാണ് (85) അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകളായ പങ്കജയെ (55) പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആക്രമണത്തിൽ വയോധികയുടെ തലയ്ക്കും കഴുത്തിലും ആഴത്തിൽ മുറിവേറ്റതാണ് മരണത്തിന് കാരണം.
ഞായറാഴ്‌ച (ജൂലൈ 9) രാത്രി പത്തരയോടെയാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്. അമ്മായിയമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സമീപത്തുള്ള സഹോദരന്‍റെ വീട്ടിലെത്തി പ്രതിയായ പങ്കജം, സംഭവത്തെക്കുറിച്ച് അറിയിക്കുകയായിരുന്നു. കൊല്ലപ്പെട്ട അമ്മിണിയുടെ മകനായ പ്രസാദ് രാത്രി സമയം തട്ടുകയിലെ ജോലിക്ക് പോയതായിരുന്നു. സംഭവസമയം, പ്രസാദിന്‍റെ ഭാര്യ പങ്കജവും അമ്മ അമ്മിണിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വർഷങ്ങളായി മാനസിക വെല്ലുവിളിയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്ന ആളാണ് പങ്കജമെന്ന് പൊലീസ് വ്യക്തമാക്കി.
ദാരുണ സംഭവം കൊച്ചിയിലും; വയോധികയെ മകന്‍ കൊന്നു;കൊച്ചിയിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തിയതിന്‍റെ ഞെട്ടൽ മാറുന്നതിന് മുന്‍പാണ് സമാനമായ സംഭവം ആവർത്തിക്കപ്പെട്ടത്. ചമ്പക്കര സ്വദേശിനിയായ അച്ചാമ്മയെ മകൻ വിനോദ് ക്രൂരമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ചമ്പക്കരയിലെ ഫ്ലാറ്റില്‍വച്ച് മണിക്കൂറുകളോളം മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷമായിരുന്നു കൃത്യം നടത്തിയത്.
അടുത്തിടെ, ഇവർ താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് ബഹളം കേട്ട പ്രദേശവാസികളും വാര്‍ഡ് കൗണ്‍സിലറും പൊലീസിനെ വിവരം അറിയിച്ചിരുന്നു. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പൊലീസിനോട് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും പരാതിയില്ലെന്നും അമ്മയും മകനും അറിയിച്ചതോടെ ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നാണ് നാട്ടുകാർ പറഞ്ഞത്.
സംഭവ ദിവസം വയോധികയുടെ നിലവിളികേട്ട് അയൽവാസികള്‍ ഉടന്‍ തന്നെ എത്തിയെങ്കിലും ഫ്ലാറ്റ് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി കതക് തകര്‍ത്ത് അകത്തുകയറിപ്പോള്‍ മാരകമായി മുറിവേറ്റ നിലയില്‍ വയോധികയെ കണ്ടെത്തുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പ്രതിയായ മകൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. കൊല്ലപ്പെട്ട അച്ചാമ്മയും മകനും മാത്രമാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്. വയോധികയുടെ മറ്റൊരു മകൾ വിദേശത്താണ്.