പത്തനംതിട്ട: മുക്കുപണ്ടം പണയം വച്ച് രണ്ടേമുക്കാല്‍ ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശി ദിൽജിത്താണ് (26) പിടിയിലായത്. ഞായറാഴ്‌ചയാണ്(സെപ്‌റ്റംബര്‍ 18) മാന്താനത്ത് നിന്ന് ഇയാളെ കീഴ്‌വായ്പ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
മാന്താനം സ്വദേശി രാമചന്ദ്ര പിള്ളയുടെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ഇയാള്‍ പലതവണയായി മുക്കുപണ്ടം പണയം വച്ച് പണം തട്ടുകയായിരുന്നു. മെയ് 20 മുതല്‍ സെപ്‌റ്റംബര്‍ 15 വരെ പലതവണകളായാണ് പണം തട്ടിയത്. സംഭവത്തില്‍ സംശയം തോന്നിയ രാമചന്ദ്ര പിള്ള അംഗീകൃത അപ്രൈസറെക്കൊണ്ട് ആഭരണങ്ങൾ പരിശോധിപ്പിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് ഉറപ്പാക്കിയത്.