പത്തനംതിട്ട: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇരവിപേരൂർ വള്ളംകുളം തിരുവാമനപുരം നെടുംതറയിൽ വീട്ടിൽ ഷാബിൻ ബിനു ജോർജ് (19)ആണ് കീഴ്‌വായ്‌പ്പൂർ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് പെൺകുട്ടിയുമായി യുവാവ് സമൂഹ മാധ്യമം വഴി പരിചയത്തിലാവുന്നത്.
തുടർന്ന് പ്രണയം നടിച്ച് വശത്താക്കിയ ശേഷം ഡിസംബർ 14 ന് കുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്‌ച സ്റ്റേഷനിൽ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ഇൻസ്‌പെക്‌ടറുടെ നിർദേശപ്രകാരം എസ്‌സിപിഒ ഷെറീന അഹമ്മദ് കോഴഞ്ചേരി സഖി വൺ സ്റ്റോപ്പ് സെന്‍ററിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഇന്നലെ പുലർച്ചെ തിരുവാമനപുരത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്.